പത്തനംതിട്ട: നാല് കോടി രൂപ മുതല്‍മുടക്കി കെഎസ്ആര്‍ടിസി വാങ്ങിയ രണ്ട് ബിസിനസ് ക്ലാസ് ആഡംബര ബസുകള്‍ തിരുവനന്തപുരം പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍ മൂന്നുമാസമായി വെറുതെ കിടക്കുന്നു. പിണറായി സര്‍ക്കാരിന്റെ അവസാന സമയത്ത് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ബസുകളാണ് സംരക്ഷണമില്ലാതെ തുരുമ്പെടുക്കുന്നത്.
ബെംഗളൂരുവില്‍ നിന്ന് ബസ് എത്തുന്നതിന് മുമ്പേ അന്നത്തെ ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍ റൂട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചു. ശുചിമുറിയും കഫ്റ്റീരിയയും ഭക്ഷണവും ഡിജിറ്റല്‍ സ്‌ക്രീനും സൗജന്യ വൈഫൈയും ഉള്ള ഈ ബസുകളുടെ സീറ്റുകളും ആധുനികമാണ്.
വന്ദേഭാരതിന് സമാന്തരമായി സര്‍വീസ് നടത്താനാണ് ആഡംബര ബസ് വാങ്ങിയത്. ആദ്യം തിരുവനന്തപുരം-കൊച്ചി റൂട്ടിലാണ് സര്‍വീസ് നിശ്ചയിച്ചത്. രാവിലെ ഒരു ബസ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും അതേസമയത്ത് തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കും. നാലു മണിക്കൂര്‍ കൊണ്ട് ബസ് തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു വാഗ്ദാനം. ഹൈവേ പണി പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക് തൃശൂര്‍ വരെ നീട്ടുമെന്നായിരുന്നു പ്രഖ്യാപനം.
ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്യണം. ഓര്‍ഡര്‍ ചെയ്താല്‍ ഭക്ഷണവും ബസിനുള്ളില്‍ ലഭിക്കും. ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. എല്ലാ ടിക്കറ്റും തിരുവനന്തപുരത്തേക്കോ കൊച്ചിക്കോ മാത്രമാണെങ്കില്‍ ഇടയ്‌ക്കുള്ള ഈ സ്റ്റോപ്പുകള്‍ ഒഴിവാക്കും.
കണ്ടക്ടര്‍ക്ക് പകരം ടിക്കറ്റ് പരിശോധിക്കാനും ഭക്ഷണം നല്‍കാനും എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസ് ഹോസ്റ്റസും ഉണ്ടാവുമെന്നായിരുന്നു പ്രഖ്യാപനം.
















