കോട്ടയം: സാധരണക്കാരന് ചന്തയിലേക്കു പോകാന്‍ വല്ലാത്തൊരു പേടിയാണിപ്പോള്‍. ഉപ്പു മുതല്‍ കര്‍പ്പൂരംവരെ എല്ലാത്തിനും വില കുതിച്ചു കയറുകയാണ്. കൈയ്യില്‍ കുറച്ചു കാശുമായി മാര്‍ക്കറ്റിലേക്ക് ഇറങ്ങിയാല്‍ പഴയതുപോലെ എല്ലാം വാങ്ങാന്‍ പറ്റാത്ത അവസ്ഥ! പച്ചക്കറി മാര്‍ക്കറ്റ് ഇപ്പോള്‍ ‘ഷെയര്‍ മാര്‍ക്കറ്റ്’ പോലെയാണ്’. ഓഹരി വിപണിയിലെന്നപോലെ ഏത് നിമിഷവും വില കുതിച്ചുകയറാം എന്നതാണ് സ്ഥിതി.
ഇഞ്ചി വാങ്ങാന്‍ ചെന്നാല്‍ വിലകേട്ട് നെഞ്ചും എരിയും. കിലോക്ക് 200-300 രൂപയായി. വെളുത്തുള്ളിക്കാണെങ്കില്‍ 180 മുതല്‍ 250 വരെയും. ഇവയെല്ലാം വാങ്ങി ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പലപ്പോഴും പോക്കറ്റിലെ കാശ് പോരാതെ വരും. പച്ചമുളകും ബീന്‍സും മുരിങ്ങക്കായയും ഒക്കെ ഇപ്പോള്‍ ‘എലൈറ്റ് ക്ലാസിലായി. വമ്പന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പലതിലും മുരിങ്ങക്കായക്ക് എണ്ണത്തിനാണ് വില. മെയ് മാസം ആദ്യം ഒരു മുരിങ്ങക്കായക്ക് ഒമ്പതു രൂപയായിരുന്നു. അത് ഇപ്പോള്‍ 13 രൂപയിലെത്തി.
ചിക്കനും ബീഫിനും തീ പിടിച്ചവിലയാണ്. ഒരു കിലോ ചിക്കന് ജൂണില്‍ 160 രൂപയായിരുന്നു. ജൂലൈയില്‍ അത് 200 തൊട്ടു. കോഴിത്തീറ്റയുടെ വിലക്കയറ്റമത്രേ ഇതിനൊക്കെ കാരണം. ബീഫിന് ജൂണില്‍ 340-360 രൂപയായിരുന്നു വില. ഇത്, ജൂലൈയായപ്പോള്‍ 400 മുതല്‍ 460 വരെ കുതിച്ചുയര്‍ന്നു. കുടുംബങ്ങള്‍ മാത്രമല്ല വിലക്കയറ്റത്തില്‍ ഹോട്ടലുടമകളും അന്തംവിട്ടിരിക്കുകയാണ്. ‘ഈ വിലക്ക് വാങ്ങിയാല്‍ പിന്നെ ചിക്കന്‍ ഫ്രൈയും ഓംലെറ്റും ഒക്കെ സ്വര്‍ണ്ണ വിലക്കാണോ വില്‍ക്കേണ്ടത്?’ എന്നാണ് ഹോട്ടലുടമകളുടെ ചോദ്യം.
ഓണക്കാലം വരാനിരിക്കേ, പച്ചക്കറി വില ഇനിയും കുതിച്ചുയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്തായാലും സാധാരണക്കാരന്റെ അടുക്കള ബജറ്റ് ഇപ്പോള്‍ വല്ലാതെ താളം തെറ്റിയിരിക്കുകയാണ്. പത്തു രൂപയുമായി ചന്തയില്‍ പോയി ചാക്കു നിറയെ പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി തലച്ചുമടായി കൊണ്ടുവന്നിരുന്ന കാലത്തെപ്പറ്റി പഴയ തലമുറക്കാര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ അദ്ഭുതം. ഇപ്പോഴാാകട്ടെ ഒരു സഞ്ചിയില്‍ കൊള്ളുന്ന സാധനം വാങ്ങണമെങ്കില്‍ പോക്കറ്റ് നിറയെ കാശുമായി പോകണമെന്നാണ് സ്ഥിതി.
ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ഗ്രാം കണക്കില്‍ തൂക്കി വാങ്ങേണ്ടിവരുന്നു. വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ ഓണമെത്തുന്നതോടെ മലയാളി ഏറെ വിഷമിക്കേണ്ടിവരും. ഓണസദ്യക്ക് വിഭവങ്ങളൊരുക്കാന്‍ ഏറെ പണച്ചെലവുവരും.
















