സിന്ധുവിന്‍ മടിത്തട്ടില്‍ ഹിമവല്‍ വിരിമാറില്‍
ദിവ്യയാം സരസ്വതി തന്റെ പൊന്‍കരങ്ങളില്‍
ഗംഗ തന്നാശ്ലേഷത്തില്‍ യമുനാ ചേലത്തുമ്പില്‍
വിരിഞ്ഞു വളര്‍ന്നിവള്‍ നിത്യമാം താരുണ്യമായ്
ഭാരതാംബ തന്‍ പൊരുള്‍ ഭാരതീ മഹാനദീ
നമ്മെയീ നാമാക്കിയ നന്മയാം തനിമയായ്.
കാലമെത്രയോയായീ, കണക്കും പിഴയ്‌ക്കുന്നു
കാലത്തിന്നതീതമായ് തലപൊക്കിനില്‍ക്കുന്നു
ഭാരത ജനാവലി പാരിതിന്നുല്‍ക്കര്‍ഷമായ്
ഏറ്റവുമിറക്കവും പാര്‍ത്തു കാല്‍ തളരാതെ.
അരിയാനടുത്തോരാമരികള്‍ മറഞ്ഞുപോയ്
അലകള്‍ രൂപം മാറി നുരകള്‍ കുമിളകള്‍.
ഗംഗയെന്നൊരു ശബ്ദം ഗീതയെന്നൊരേ നാമം
ഗായത്രീ ഒരു മന്ത്രം ഗോക്കളും ഗോവിന്ദനും
ചേര്‍ന്ന പഞ്ച’ഗ’ത്തിലീ മണ്ണിലെ സമവാക്യം
ജനസാമാന്യത്തിന്റെ ഹൃദയത്തുടിതാളം.
ബുദ്ധനുമഹിംസയും മറ്റു ദര്‍ശനങ്ങളും
പൂരകമായീടുന്നു സൂഫികള്‍ സംഗീതവും.
സംസ്‌കൃതീ പ്രവാഹവും ചിന്തതന്‍ സമന്വയം
സംഘമായ് സര്‍വ്വേശനെ സംഗമിപ്പതും പിന്നെ
പരിപാലനം ചെയ്തു പാരിതോഷികം തേടല്‍
സര്‍വ്വവും നിറയുന്ന സച്ചിദാനന്ദം നേടല്‍
പഞ്ച സങ്കല്‍പ്പങ്ങളില്‍ ജന്മജന്മങ്ങളായി
നമ്മുടെ പരമ്പരാവംശധാരകളായി.
ഗംഗ പോല്‍ ഗോമൂത്രവും പവിത്രം നിനയ്‌ക്കുന്നു
ഗോക്കളും കരീഷം പോല്‍ പരിശുദ്ധമാക്കുന്നു.
ദുഗ്ധമായ് ഗീതാപാഠം ഗായത്രീ നവനീതം
ഉരുക്കി സുവര്‍ണ്ണമാം ഘൃതമോ ഗോവിന്ദനും.
പഞ്ചഗവ്യങ്ങള്‍ ചേര്‍ത്തു ഗോമതീ മമ ദേശ-
പാദപങ്കജങ്ങളിലര്‍പ്പണം ചെയ്യേണം നാം.
അറിവും ലാളിത്യവും ശക്തിയും കരുണയും
ഭക്തി തന്‍ കുളിര്‍ച്ഛായ യുക്തി തന്‍ പ്രകാശവും
ഒത്തിടും ത്രിവേണിയായ് ചേരുന്ന നളന്ദയില്‍
നവഭാരതത്തിന്റെ ശംഖിതു മുഴങ്ങട്ടെ.
ഭാരതീ കടാക്ഷങ്ങള്‍ എങ്ങുമേ കാണാകട്ടെ
എന്നുമേ ലോകത്തിന്നു വഴികാട്ടിയാകട്ടെ.
















