ദോഹ: മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു. രാജ്യത്തെ പരമോന്നത ഭരണകൂടമാണ് മരണവാർത്ത പുറത്തുവിട്ടത്. ആധുനിക ഖത്തറിന്റെ നവോത്ഥാനത്തിന് പിന്നിലെ ചാലകശക്തിയായാണ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി കണക്കാക്കപ്പെടുന്നത്.
പേർഷ്യൻ ഗൾഫിലെ ഒരു സാധാരണ രാജ്യമായിരുന്ന ഖത്തറിനെ നയതന്ത്രം, മാധ്യമം, നിക്ഷേപം എന്നീ മേഖലകളിൽ ആഗോളതലത്തിൽ നിർണായക സ്വാധീനമുള്ള ഒരു ശക്തിയായി മാറ്റിത്തീർത്തത് അദ്ദേഹമാണ്. ഖത്തർ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നതനുസരിച്ച്, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വൻ പുരോഗതിയാണ് അൽഥാനിയുടെ ഭരണകാലത്തുണ്ടായത്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ് ഏജൻസി മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.
ഭരണാധികാരിയായിരിക്കെ, പരമ്പരാഗത രീതികൾ തിരുത്തിക്കുറിച്ച് അധികാരം സ്വമേധയാ മകന് കൈമാറിയ ചരിത്രവും അദ്ദേഹത്തിനുണ്ട്. 18 വർഷത്തെ ഭരണത്തിന് ശേഷം 2013 ജൂണിലാണ് അദ്ദേഹം അമീർ പദവിയിൽ നിന്ന് ഒഴിഞ്ഞത്. ഒരു തലമുറയ്‌ക്കുള്ളിൽ തന്നെ ഖത്തറിനെ ഒരു സാധാരണ പ്രദേശത്തുനിന്ന് അന്താരാഷ്‌ട്ര ശ്രദ്ധയാകർഷിക്കുന്ന ഊർജസമൃദ്ധമായ രാജ്യമാക്കി മാറ്റിയ ശിൽപിയാണ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി
ലണ്ടനിലെ വിഖ്യാതമായ ഹാരോഡ്‌സ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന്റെ ഉടമസ്ഥത സ്വന്തമാക്കിയ ഖത്തർ, ആഗോള മാധ്യമരംഗത്ത് വൻ സ്വാധീനമുള്ള അൽ ജസീറ സാറ്റലൈറ്റ് ന്യൂസ് നെറ്റ്‌വർക്കിന് തുടക്കമിട്ടതും അദ്ദേഹത്തിന്റെ കാലത്താണ്. അന്താരാഷ്‌ട്ര മാധ്യമരംഗത്ത് വലിയൊരു ശക്തിയായി മാറിയ അൽ ജസീറയുടെ വളർച്ചയിലും, ലോകത്തെ മുൻനിര വിമാനക്കമ്പനികളിലൊന്നായി ഖത്തർ എയർവേയ്‌സിനെ മാറ്റിയതിലും അദ്ദേഹം വഹിച്ച പങ്ക് പ്രശംസനീയമാണ്.
















