കണ്ണൂര്‍:ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു. പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്.
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നില നിര്‍ത്തിയിരുന്നത്. ഇതോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവെ മുറ്റത്ത് വീണ് മുഖത്തും ചുണ്ടിലും ഉണ്ടായ മുറിവിന് തുന്നല്‍ ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത് നാലു ദിവസം മുമ്പാണ്. ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമശുശ്രൂഷ
നല്‍കി. തുടര്‍ന്നാണ് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുന്നല്‍ ഇടാന്‍ ഡോക്ടര്‍മാര്‍ കുഞ്ഞിന് അനസ്‌തേഷ്യ നല്‍കി. ഇതോടെ കുഞ്ഞിന് ബോധം നഷ്ട്ടമായി.
ആദ്യം കുട്ടിയെ ഇതേ ആശുപത്രിയിലെ പീഡിയാട്രീഷ്യനെയാണ് കാണിച്ചത്.ശേഷം പ്ലാസ്റ്റിക്ക് സര്‍ജനെ കാണിക്കുകയും കുട്ടി ബഹളം വെച്ചതിനാല്‍ സര്‍ജന്‍ അനസ്‌തേഷ്യ നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ അല്ലാതെ രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനസ്‌തേഷ്യ നല്‍കാറില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. തുടര്‍ന്ന് ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം അനസ്‌തേഷ്യ നല്‍കിയ ഡോ. അഞ്ജലി പൊതുവാളിനെതിരെ കേസ് എടുത്തിട്ടുണ്ട്.. സൂരജ് – വിജിഷ ദമ്പതികള്‍ക്ക് ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച കുഞ്ഞാണ് ഏക മകനായ ദേവാന്‍ഷ് ശൗര്യ.
















