ന്യൂദൽഹി: മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകുന്ന പിഎം ശ്രീ പദ്ധതിയെ നിരാകരിക്കുകയാണോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാൻ ഉതകുന്ന പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് ഇതുവരെ യുഡിഎഫ് സർക്കാർ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. എങ്ങനെയൊക്കെയാണോ മെച്ചപ്പെട്ട ആധുനിക സാങ്കേതിക വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് എൽഡിഎഫ് സർക്കാർ നിഷേധിച്ചത്, അതുതന്നെയാണ് യുഡിഎഫ് സർക്കാരും ചെയ്യാൻ പോകുന്നതെന്ന് വ്യക്തമാണ്.
പാവപ്പെട്ട ജനങ്ങൾക്ക് പ്രയോജനകരമായിട്ടുള്ള കേന്ദ്ര പദ്ധതികൾ കേരളത്തിൽ വരാതിരിക്കാനാണ് മുൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചത്. എൽഡിഎഫിന്റെ ഇതേ നയം തന്നെയാണോ യുഡിഎഫ് പിന്തുടരുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തരമായി നിലപാട് വ്യക്തമാക്കണം. കേരളത്തിലെ മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും ഈ പിഎം ശ്രീ പദ്ധതി നിരാകരിക്കാനാണോ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ കേരളത്തിന് നഷ്ടപ്പെടുത്തിയത്.
കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നിഷേധിക്കുന്ന എൽഡിഎഫും യുഡിഎഫും ചെയ്തത് എന്താണ്? പുതിയ മദ്യനയം കൊണ്ടുവന്നു. ആ മദ്യനയം മദ്യമുതലാളിമാർക്ക് അനുകൂലമാണ്. പാവപ്പെട്ടവന്റെ വിദ്യാഭ്യാസത്തേക്കാൾ ഇവർക്ക് പ്രാധാന്യം മദ്യമുതലാളിമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലാണ്. കേന്ദ്ര പദ്ധതികൾ കൊണ്ടുവരാനുള്ള ശ്രമത്തിന് ഇവർ തുടക്കം പോലും കുറിച്ചിട്ടില്ല. ഉദാഹരണത്തിന് ‘ആയുഷ്മാൻ ഭാരത്’ പദ്ധതി. കഴിഞ്ഞ ഗവൺമെന്റ് അത് നടപ്പിലാക്കിയില്ല, ഈ ഗവൺമെന്റും അതിനെക്കുറിച്ച് ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. അതുപോലെ തന്നെയാണ് ‘ജൽ ജീവൻ മിഷൻ’. ഇന്ത്യയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി 70 ശതമാനത്തോളം പൂർത്തീകരിച്ചു കഴിഞ്ഞു. എന്നാൽ നമ്മൾ ഇപ്പോഴും 50 ശതമാനത്തിന് താഴെയാണ് നിൽക്കുന്നത്. ഇത് പൂർത്തിയാക്കാൻ സർക്കാർ തയ്യാറാകുന്നില്ല. എൽഡിഎഫിന്റെ അതേ നിലപാട് തന്നെയാണ് യുഡിഎഫും തുടരുന്നത് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.
ഒരു കാര്യത്തിലല്ല, എല്ലാ കാര്യത്തിലും എൽഡിഎഫും യുഡിഎഫും ഒരുമിച്ചാണ്. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യഥാർത്ഥത്തിൽ ഒരു ‘അധികാര കൈമാറ്റം’ നടന്നിട്ടില്ല. നടന്നത് കേവലം പദവികൾ പരസ്പരം കൈമാറുക മാത്രമാണ്. എൽഡിഎഫിൽ നിന്ന് വ്യത്യസ്തമായ ഒരു രാഷ്‌ട്രീയ നിലപാടോ സമീപനമോ യുഡിഎഫിനില്ല. അതുകൊണ്ട് തന്നെ ഇതിനെ അധികാര കൈമാറ്റം എന്ന് വിളിക്കാൻ സാധിക്കില്ല.
മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന ആൾ ഇപ്പോൾ മുഖ്യമന്ത്രിയായി ഇരിക്കുന്നു, പഴയ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ കസേരയിലും ഇരിക്കുന്നു. അടിസ്ഥാനപരമായ നയങ്ങളുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന ബിജെപിയുടെ രാഷ്‌ട്രീയ നിലപാട് ശരിയാണെന്ന് മലയാളികൾക്ക് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുകയാണെന്നും പി. കെ കൃഷ്ണദാസ് പറഞ്ഞു.
















