തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നാല് ബാസ്‌കറ്റ്ബോള്‍ താരങ്ങള്‍ക്ക് തായ്‌വാനില്‍ പരിശീലനത്തിന് അവസരം. സ്‌കോളര്‍ഷിപ്പ് നേട്ടത്തോടെ പരിശീലനത്തിന് അര്‍ഹത നേടിയ അര്‍സ് ഷാജി, ദേവര്‍ഷ് കെ. വിനോദ്, അലീന അല്‍ഫോന്‍സ എയ്ഞ്ചല്‍, നേഹ വിനീഷ് എന്നിവര്‍ തായിവാനിലേക്ക് യാത്ര തിരിച്ചു.
പ്രഥമ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരള (ബിഎല്‍കെ) ഒന്നാം സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഈ താരങ്ങള്‍ക്ക് അന്താരാഷ്‌ട്ര സ്‌കോളര്‍ഷിപ്പോടെയുള്ള കരിയര്‍ ബ്രേക്ക് അവസരം ലഭിക്കുന്നത്. ഒരു മാസം നീളുന്നതാണ് പരിശീലനം. സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഏകലവ്യാസ് കണ്‍സള്‍ട്ടന്‍സി എന്നിവര്‍ തായ്വാനിലെ യിലാന്‍ കൗണ്ടിയിലുള്ള പ്രമുഖ സ്ഥാപനങ്ങളായ ചുങ് ഹുവ ഗേള്‍സ് ജൂനിയര്‍ ഹൈസ്‌കൂള്‍, ചുവാങ്വേ ബോയ്‌സ് ജൂനിയര്‍ ഹൈസ്‌കൂള്‍ എന്നിവയുമായി സഹകരിച്ചാണ് ഈ ചരിത്രപരമായ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.












