അനശ്വരമായ ഏകതത്ത്വമാണ് ജഗത്തിന്റെ ആധാരമെന്നും, അത് ജ്ഞാനവും ആനന്ദവും ചേര്‍ന്ന സ്വരൂപമാണെന്നുമുള്ള ദര്‍ശനമാണ് ഉപനിഷത്തുകളുടേത്. അഖണ്ഡമായിട്ടുള്ള ഈ ആത്മീയസത്ത തന്നെയാണ് വ്യക്തിയുടെ ഉള്ളിലും സ്ഥിതിചെയ്യുന്നത്. ഈ ദര്‍ശനത്തെ അടിസ്ഥാനമാക്കി മനസ്സിനെ അപഗ്രഥിക്കുന്ന ഉപനിഷത്തുകളുടെ രീതി അതിനാല്‍ പാ
ശ്ചാത്യ മനഃശാസ്ത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ബൃഹദാരണ്യകോപനിഷത്തിലെ രണ്ടാമദ്ധ്യായത്തില്‍ യാജ്ഞവല്‍ക്യന്‍ മൈത്രേയിക്ക് ഉപദേശിക്കുന്ന ആത്മവിദ്യയില്‍ സമര്‍ത്ഥിക്കുന്നത്, സൃഷ്ടിയില്‍ സര്‍വ്വത്തിന്റെയും സാരം ആത്മാവ് തന്നെയാകുന്നുവെന്നാണ്. അതിനാല്‍ മനസ്സ് വസ്തുക്കളോട് ആകൃഷ്ടമാകുന്നത് വാസ്തവത്തില്‍ വസ്തുക്കളെ പ്രാപ്യമാക്കാന്‍ വേണ്ടിയല്ല, ആത്മാവിനോടുള്ള പ്രിയം കാരണമാകുന്നു. സ്വന്തം ആത്മാവ് തന്നെയാണ് ആ വസ്തുക്കളുടെയും ഉണ്മയെന്നതാണ് ഒരാള്‍ക്ക് അവയോടു തോന്നുന്ന ഇഷ്ടത്തിനു കാരണം. ഇപ്രകാരം ലോകത്തിലുള്ള എല്ലാ പ്രിയങ്ങളും ആത്മാവിനോടുള്ളതാകുന്നു- ‘ആത്മനസ്തു കാമായ സര്‍വ്വം പ്രിയം ഭവതി’ എന്ന ഉപനിഷദ്‌വാക്യം പ്രസിദ്ധമാണല്ലോ.
ആത്മാവിനെ അറിഞ്ഞാല്‍ പിന്നെ എല്ലാം അറിഞ്ഞതായിത്തീരുന്നുവെന്ന മഹത് സന്ദേശവും ഈ ഉപനിഷത്തിലാണുള്ളത്. ആത്മാവിനെ സംബന്ധിച്ച് ദര്‍ശനം ശ്രവണം മനനം എന്നിവയിലൂടെ അതിനെ അറിഞ്ഞാല്‍ പിന്നെ ഈ സര്‍വ്വവും അറിഞ്ഞതായിത്തീരുന്നു: ‘ആത്മനോ വാ ദര്‍ശനേന ശ്രവണേന മത്യാ വിജ്ഞാനേന ഇദം സര്‍വ്വം വിദിതം.’
ഇപ്രകാരം പ്രജ്ഞാനഘനവും ആനന്ദ സ്വരൂപവുമായിട്ടുള്ള ആത്മാവാണ് എല്ലാത്തരം അറിവിനും ആനന്ദത്തിനും സ്രോതസ്സായിട്ടുള്ളത്. അതിനാല്‍ മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വമെന്നത് ജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും പൂര്‍ണ്ണതയാകുന്നു. സ്ഥൂലവും സൂക്ഷ്മവുമായിട്ടുള്ള ശരീരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതു കാരണമാണ് ഈ സ്വരൂപം മറഞ്ഞിരിക്കുന്നത്.
പഞ്ചകോശ സിദ്ധാന്തം തൈത്തിരീയ ഉപനിഷത്തില്‍
അഞ്ച് ആവരണങ്ങള്‍ ധരിച്ച ആത്മാവാണ് മനുഷ്യന്‍ എന്നാണ് തൈത്തിരീയ ഉപനിഷത്തിലെ മനുഷ്യനെ സംബന്ധിച്ചുളള അപഗ്രഥനം വ്യക്തമാക്കുന്നത്. അഞ്ച് ആവരണങ്ങള്‍ അഥവാ പഞ്ചകോശം ഇവയാണ് : അന്നം കൊണ്ട് നിലനില്‍ക്കുന്ന പുറംചട്ടയാണ് ശരീരം അഥവാ അന്നമയകോശം. രണ്ടാമത്തെ ആവരണം പ്രാണന്റേതാണ്. പ്രാണമയകോശം എന്നു വിളിക്കപ്പെടുന്ന ഈ ആവരണം ശരീരത്തിനുള്ളില്‍ വര്‍ത്തിച്ചുകൊണ്ട് ശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കുന്ന സൂക്ഷ്മശക്തികളുടേതാകുന്നു. ഇതിനുള്ളിലാണ് മനസ്സ്. മനോമയകോശം എന്നു നിര്‍വചിക്കപ്പെടുന്ന ഇതിനെക്കാള്‍ സൂക്ഷ്മമാണ് വിജ്ഞാനത്തിന്റെ ഭൂമികയാവുന്ന ബുദ്ധി. ഇത് വിജ്ഞാനമയ കോശം എന്നു പറയപ്പെടുന്നു. ഈ അപഗ്രഥനത്തില്‍ മനസ്സും ബുദ്ധിയും ചേര്‍ന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള ബോധതലം. ഇതിന്റെ അനുഭവങ്ങള്‍ ലൗകികവും നശ്വരവുമാണ്. എന്നാല്‍ അത്യന്തം സൂക്ഷ്മമായിട്ടുള്ള അഞ്ചാമത്തെ ആവരണമാകുന്ന ആനന്ദമായ കോശം അലൗകിക ആനന്ദത്തിന്റെ അനുഭൂതിതലമാണ്. നിര്‍വൃതിദായകമായ ഇതിലെ പരമാനന്ദം ബ്രഹ്‌മത്തിന്റെ സ്വരൂപം തന്നെയാകുന്നു. ഈ അഞ്ച് ആവരണങ്ങളാല്‍ പൊതിഞ്ഞിരിക്കുന്ന ആത്മതത്ത്വം ശുദ്ധബോധ സ്വരൂപവും ആനന്ദമയവുമായിട്ടുള്ള അനശ്വര സത്തയാകുന്നു. ഇതാണ് മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വം. അനശ്വരനായ ഈ ആത്മാവ് അഥവാ പുരുഷന്‍ ബ്രഹ്‌മത്തില്‍ നിന്ന് ഉദ്ഭുതങ്ങളായിട്ടുള്ള രൂപങ്ങളണിഞ്ഞ് അന്നമയന്‍, പ്രാണമയന്‍, മനോമയന്‍, വിജ്ഞാനമയന്‍, ആനന്ദമയന്‍ എന്നീ സ്വരൂപങ്ങളില്‍ ജീവിക്കുന്നു.
ബ്രഹ്‌മാനന്ദത്തെയാണ് ആദിശക്തിസ്വരൂപമായി തൈത്തിരീയം വിവരിക്കുന്നത്. പഞ്ചഭൂതനിര്‍മിതമായ ശരീരം പ്രാണന്‍ മനസ്സ് ബുദ്ധി എന്നിവയെല്ലാം ബ്രഹ്‌മസ്വരൂപമാകുന്ന ആനന്ദത്തിന്റെ സ്ഫുരണങ്ങളാകുന്നു. അതിനാലാണ് ധ്യാനനിരതമാകുമ്പോള്‍ ബുദ്ധിയും മനസ്സും ആനന്ദത്തില്‍ ലയിക്കുന്നത് :
ആനന്ദാദ്ധ്യേവ ഖലു ഇമാനി
ഭൂതാനി ജായതേ
ആനന്ദേന ജാതാനി ജീവന്തി
ആനന്ദം പ്രയന്തി
അഭിസംവിശന്തി 3.6
(ആനന്ദത്തില്‍ നിന്നാണല്ലോ എല്ലാ ഭൂതങ്ങളും ഉണ്ടാകുന്നത്. ജനിച്ചതിനു ശേഷം ആനന്ദം കൊണ്ടാണ് ജീവിക്കുന്നത്. അവസാനം ആനന്ദത്തിലേക്ക് തന്നെ മടങ്ങി അതിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു)
പ്രപഞ്ചസത്ത ബ്രഹ്‌മാനന്ദമായതിനാലാണ് എല്ലാ ജീവികളും ആനന്ദം തേടുന്നതെന്ന നിഗമനം ഇവിടെ പ്രസക്തമാകുന്നു.
ബോധത്തിന്റെ അനുഭവതലങ്ങള്‍ മാണ്ഡൂക്യ ഉപനിഷത്തില്‍
മനുഷ്യന്റെ വിവിധങ്ങളായിട്ടുള്ള അനുഭവതലങ്ങളെ അപഗ്രഥിക്കുന്നതിലൂടെ മാണ്ഡൂക്യോപനിഷത്ത് വ്യക്തമാക്കുന്നത് ഏകവും അനശ്വരവുമായ ആത്മീയ തത്ത്വത്തിന്റെ പരിച്ഛേദമാണ് വ്യക്തി എന്നാകുന്നു. വ്യക്തിയുടെ യഥാര്‍ത്ഥ സ്വത്വം ഏകസത്യമായിട്ടുള്ള ബ്രഹ്‌മം തന്നെയാകുന്നു. എന്നാല്‍ സാധാരണ വ്യക്തിയുടെ അനുഭവം ബോധവും വിഷയവും എന്ന ദ്വൈതാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ അവസ്ഥയെ മറികടന്നാല്‍ മാത്രമേ യഥാര്‍ത്ഥ സ്വത്വമാകുന്ന ബ്രഹ്‌മത്തെ സാക്ഷാത്കരിക്കാന്‍ സാധിക്കൂ.
‘സ്ഥൂലലോകത്തെ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഒന്നാമത്തെ അവസ്ഥയായി പറഞ്ഞിട്ടുള്ളത്. ഇത് ‘ജാഗ്രത്’ അഥവാ ഉണര്‍ന്നിരിക്കുന്ന അവസ്ഥയാണ്. ഇവിടെ വ്യക്തിയുടെ ബോധം ബാഹ്യലോക വിഷയങ്ങള്‍ അനുഭവിക്കുന്നതില്‍ ബദ്ധശ്രദ്ധനാകുന്നു. രണ്ടാമത്തെ ‘സ്വപ്‌ന’ അവസ്ഥയില്‍ മനസ്സ് ബാഹ്യലോകം വിട്ട് ഉള്ളിലേക്ക് തിരിയുന്നു. ഇവിടെ ബോധത്തിനു വിഷയം മനസ്സിന്റെ തന്നെ സൃഷ്ടികളാകുന്നു. വ്യക്തി ഇതില്‍ മാനസികമായ അനുഭവങ്ങളുടെ തലത്തിലാണ്. ഇവിടെ പുറംലോകവുമായി ബന്ധമില്ലാത്തതിനാലാണ് നിദ്രയിലെ സ്വപ്‌നാവസ്ഥയായി ചിത്രീകരിച്ചിരിക്കുന്നത്. മൂന്നാമത്തെ സുഷുപ്തിയില്‍ സാധാരണ മാനസിക തലവും വിട്ട് ബോധം അലൗകികമായിട്ടുള്ള ആനന്ദനിര്‍വൃതിയിലാകുന്നു. ഇവിടെ വിഷയം ബ്രഹ്‌മാനന്ദമാണ്. പിന്നീട് വിഷയി അനുഭവതലം വിട്ട് കേവലബോധസ്വരൂപമാകുന്ന സ്വത്വത്തിലേക്ക് മടങ്ങുന്നു. നാലാമത്തെ ഈ അവസ്ഥയില്‍ അഥവാ തുരീയത്തില്‍ ബോധം – വിഷയം എന്ന ദ്വൈതം വിട്ട് ചിദാനന്ദസ്വരൂപമാകുന്ന ഏകസത്യത്തെ പ്രാപിക്കുന്നു.
ഈ അപഗ്രഥനത്തില്‍ ശ്രദ്ധേയമാകുന്നത്, വ്യഷ്ടിബോധത്തിന് സാധാരണയായിട്ടുള്ള അവസ്ഥകള്‍ ജാഗ്രത്തും സ്വപ്‌നവും മാത്രമാണ്. അതായത് ബാഹ്യലോക അനുഭവവും സ്വന്തം മനോവൃത്തികളുടെ അനുഭവവും മാത്രമാണ് പൊതുവെയുള്ളവ. സുഷുപ്തിയും തുരീയവും ബോധത്തിന്റെ അലൗകിക അവസ്ഥകളാകുന്നു. സുഷുപ്തിയെ വിശദമാക്കുന്നത് ഇപ്രകാരമാകുന്നു :
ഏഷ സര്‍വ്വേശ്വര ഏഷ സര്‍വ്വജ്ഞഃ
ഏഷ അന്തര്യാമി ഏഷ യോനിഃ
സര്‍വ്വസ്യ പ്രഭവാപ്യയൗ ഹി ഭൂതാനാം
(ഈ അവസ്ഥയില്‍ ബോധം സര്‍വ്വേശ്വരനാണ്, സര്‍വ്വജ്ഞനാണ്. സൃഷ്ടിച്ചതിന്റെയെല്ലാം ഉള്ളില്‍ വസിക്കുന്നവനാണ്. എല്ലാത്തിന്റെയും ഉല്‍പ്പത്തിസ്ഥാനവുമാണ്. സൃഷ്ടിയിലുള്ള എല്ലാത്തിനും ജന്മവും നാശവുമുണ്ടാകുന്നത് ഇതു കാരണമാണ്.)
നാലാമത്തെ അവസ്ഥയില്‍ പ്രപഞ്ചത്തോടു ബന്ധപ്പെട്ട എല്ലാ അനുഭവങ്ങളും അവസാനിക്കുന്നു. ഈ അവസ്ഥ മനസ്സിന് ചിന്തിക്കാനും ഗ്രഹിക്കാനും സാധ്യമാക്കുന്ന ലക്ഷണങ്ങളോടുകൂടിയതല്ല. അത് എന്താണെന്ന് വിവരിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഈ ആത്മാവ് തന്നെയാണ് മറ്റ് കരണങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കും അവസ്ഥകള്‍ക്കും ആശ്രയമാകുന്നത്. മനുഷ്യന്റെ ആത്യന്തിക സ്വത്വമാകുന്ന ഈ അവസ്ഥയെയാണ് സാക്ഷാത്കരിക്കേണ്ടത് :
‘സര്‍വ്വം ഹി ഏതദ് ബ്രഹ്‌മ
അയം ആത്മാ ബ്രഹ്‌മ’
(ഈ പ്രപഞ്ചം മുഴുവന്‍ ബ്രഹ്‌മമാകുന്നു. ഈ ആത്മാവും ബ്രഹ്‌മമാകുന്നു)
മാണ്ഡൂക്യത്തിലെ സ്വപ്നം, സുഷുപ്തി, തുരീയം എന്നീ അവസ്ഥകളൊന്നും തന്നെ യുങ്ങിന്റെ അബോധവുമായി തുലനം ചെയ്യാനാവില്ല. കാരണം ഒരാള്‍ നിദ്രയില്‍ സ്വാഭാവികമായി സ്വപ്‌നാവസ്ഥയിലേക്കും, മനോവൃത്തികള്‍ അടങ്ങുമ്പോള്‍ ചിലപ്പോള്‍ സുഷുപ്തിയിലേക്കും കടക്കാവുന്നതാണ്. എന്നാല്‍ ഈ അവസ്ഥകള്‍ ഉണര്‍ന്നിരിക്കുന്ന ബോധവാനായ സാധകനും പ്രാപ്യമാക്കാവുന്നയാണ്. മാത്രമല്ല, തുരീയാവസ്ഥ യോഗിക്ക് മാത്രം ലഭ്യമാകുന്ന സാധനയുടെ പരിസമാപ്തിയാണ്. ഇവിടെ ഒരവസ്ഥയിലും, നിദ്രയില്‍പോലും ബോധം ഇല്ലാതിരിക്കുന്നില്ല. ഭാരതീയ ദര്‍ശനത്തില്‍ നിദ്രയെന്നത് ബോധത്തില്‍ നിന്ന് അബോധതലത്തേക്കുള്ള പ്രവേശനമല്ല. താമസിക ശക്തിയുടെ സ്വാധീനത്താലാണ് ഒരാള്‍ നിദ്രപൂകുന്നത്. സ്വാധീനം നീങ്ങുമ്പോള്‍ ഉണരുന്നു. യുങ്ങിന്റെ അബോധം നിദ്രയുടെയോ സാധകന്റെയോ മാത്രം അവസ്ഥയല്ല. അത് എല്ലാപേരിലും ഉണര്‍ന്നിരിക്കുമ്പോഴും ഉറക്കത്തിലും ഉണ്ടായിരിക്കുന്നതാണ്.
സ്വത്വസംവാദം കേനോപനിഷത്തില്‍
കേനോപനിഷത്ത് തുടങ്ങുന്നതുതന്നെ ‘കേനേഷിതം പതതി പ്രേഷിതം മനഃ’ എന്ന മന്ത്രത്തോടുകൂടിയാണ്. ‘ആരാല്‍ ഇച്ഛിക്കപ്പെട്ടാണ് മനസ്സ് വിഷയങ്ങളില്‍ പതിക്കുന്നത്?’ എന്ന ചോദ്യമാണിവിടെ. ഇതിനുത്തരം അടുത്തമന്ത്രത്തിലാണുള്ളത്. അതില്‍ ആത്യന്തിക സത്യമാകുന്ന ബ്രഹ്‌മത്തിന്റെ ഇച്ഛയാലാണ് പ്രപഞ്ചം ഉദ്ഭവിച്ചതെന്നു പറയുന്നു. ബ്രഹ്‌മാണ്ഡത്തിന്റെ പരിച്ഛേദമാകുന്ന വ്യഷ്ടിയില്‍ ബ്രഹ്‌മം അഥവാ ആത്മാവ് കൂടാതെ മനസ്സ്, പ്രാണങ്ങള്‍, ഇന്ദ്രിയങ്ങള്‍, ശരീരം എന്നിവയും ചേര്‍ന്നിരിക്കുന്നു. ഇവയില്‍ ആത്മാവ് നിശ്ചലമായും സ്വതന്ത്രമായും നിലകൊള്ളുന്ന അനശ്വരസത്യമാണ്. മനുഷ്യന്റെ ആത്യന്തിക സ്വത്വം ഇതുതന്നെയാകുന്നു. മനസ്സ് സ്വതന്ത്രമായി ഇച്ഛിക്കുന്നതിനനുസരിച്ചാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊതുവെയുള്ള ധാരണ. ഈ ധാരണ തിരുത്തുന്നതാണ് ഉപനിഷത്തിലെ തുടര്‍ന്നുള്ള മന്ത്രങ്ങള്‍. മനസ്സ്, പ്രാണങ്ങള്‍, ഇന്ദ്രിയങ്ങള്‍, ശരീരം എന്നിവയ്‌ക്കെല്ലാം ആശ്രയം ആത്മാവാകുന്നു. ആത്മാവിന്റെ ഇച്ഛാശക്തിയാണ് മറ്റ് തത്ത്വങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നത് :
ശ്രോതസ്യ ശ്രോത്രം
മനസോ മനോ യദ്
വാചോ ഹ വാചം സ
ഉ പ്രാണസ്യ പ്രാണഃ
ചക്ഷുഷശ്ചക്ഷുഃ…
(യാതൊന്ന് കാതിന്റെ കാതും, മനസ്സിന്റെ മനസ്സും, വാണിയുടെ വാണിയും, പ്രാണന്റെ പ്രാണനും, കണ്ണിന്റെ കണ്ണും ആകുന്നു. അതുതന്നെയാണ് കാരണം)
ആദ്യത്തെ മന്ത്രത്തിലെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ രണ്ടാമത്തെ മന്ത്രം. മനസ്സ് വിഷയങ്ങളില്‍ പതിക്കുന്നതും പ്രാണന്‍ ചലിക്കുന്നതും വാക്കുകള്‍ പറയപ്പെടുന്നതും ഇന്ദ്രിയങ്ങള്‍ അതതുവിഷയങ്ങളുമായി ബന്ധിപ്പിക്കപ്പെടുന്നതും ആത്മാവിന്റെ സാന്നിധ്യം മൂലമാണെന്ന ഉത്തരമാണ്. സമഷ്ടിയിലെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഉത്തരവാദിയായിട്ടുള്ള ബ്രഹ്‌മം വ്യഷ്ടിയില്‍ ആത്മാവായി നിലകൊള്ളുന്നതിനാലാണ് മനസ്സും ഇന്ദ്രിയങ്ങളും പ്രാണനും പ്രവര്‍ത്തനക്ഷമമാകുന്നത്. മനസ്സും ഇന്ദ്രിയങ്ങളും ചേര്‍ന്ന് ഭൗതിക വസ്തുക്കളെ അറിയുന്നു, എന്നാല്‍ അവ സ്വന്തം അസ്തിത്വത്തെക്കുറിച്ച് അറിയുന്നില്ല. മനസ്സ് ബാഹ്യവിഷയങ്ങളെ കൂടാതെ സ്വന്തം വൃത്തികളെയും അറിയുന്നു. പക്ഷേ അതിന്റെ അസ്തിത്വത്തിന്റെ ഉറവിടത്തെ അറിയുന്നില്ല. അതുപോലെതന്നെ ഇന്ദ്രിയങ്ങള്‍ വിഷയങ്ങളെ ഗ്രഹിക്കുന്നുവെങ്കിലും സ്വയം അറിയുന്നില്ല. എന്നാല്‍ ആത്മാവ് മനസ്സിനെയും ഇന്ദ്രിയങ്ങളെയും അറിയുന്നതു കൂടാതെ സ്വയം അറിയുകയും ചെയ്യുന്നു. ആത്മാവ് മറ്റ് തത്ത്വങ്ങളെയെല്ലാം അറിയുന്നു, പക്ഷേ അവയൊന്നും തന്നെ ആത്മാവിനെ അറിയുന്നില്ല :
ന തത്ര ചക്ഷുര്‍ഗച്ഛതി
ന വാഗ്ഗച്ഛതി നോ മനഃ
ന വിദ്‌മോ ന വിജാനീമോ
യഥൈതത് അനുശിഷ്യാത്
അന്യദേവ തദ്വിദിതാത്
അഥോ അവിദിതാത് അധി
(അവിടെ ചക്ഷുരിന്ദ്രിയം പോകുന്നില്ല, വാക്ക് പോകുന്നില്ല, മനസ്സും പോകുന്നില്ല. ഞങ്ങള്‍ അതിനെ അറിയുന്നില്ല. അത് അറിഞ്ഞിട്ടുള്ളവയില്‍ നിന്നും അറിഞ്ഞിട്ടില്ലാത്തവയില്‍ നിന്നും വളരെ ഭിന്നമാണ്)
ആത്മാവ് ഇന്ദ്രിയങ്ങളാല്‍ അറിയപ്പെടുന്നില്ല. മനസ്സിനും ആത്മാവിനെ ഗ്രഹിക്കാന്‍ സാധ്യമല്ല. സാധാരണയായി ഒരു വസ്തുവിനെ അറിയുവാന്‍ ആദ്യം ഇന്ദ്രിയങ്ങള്‍ മനസ്സിന്റെ സഹായത്താല്‍ വസ്തുവിന്റെ ഗുണങ്ങള്‍ ഗ്രഹിക്കുന്നു. പിന്നീട് മനസ്സ് സ്മൃതിയുടെ സഹായത്താല്‍ ആ വസ്തുവിനെ തിരിച്ചറിയുന്നു. ആത്മാവിന്റെ കാര്യത്തില്‍ ഇതു സാധ്യമല്ല, കാരണം അതിന് ഭൗതിക ഗുണങ്ങളില്ല. ഭൗതിക ഗുണങ്ങളാല്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ആ ഗുണങ്ങളോടു കൂടിയ വസ്തുക്കളെ മാത്രമേ ഗ്രഹിക്കാന്‍ സാധിക്കൂ. പ്രപഞ്ചാതീതമായിട്ടുള്ള ആത്മതത്ത്വത്തെ പ്രാപിക്കാന്‍ അവ യോഗ്യമാകുന്നില്ല.
കേവല ബോധമാകുന്ന ആത്മാവ് വിഷയങ്ങള്‍ ഗ്രഹിക്കാന്‍ മനസ്സിനെ യോഗ്യമാക്കുന്ന വിഷയിയാണ്. ഈ വിഷയിയെ എപ്രകാരമാണ് മനസ്സിന് വിഷയമാക്കാന്‍ സാധിക്കുക? ബാഹ്യരൂപങ്ങളെ ഒക്കെയും കാണുന്ന കണ്ണിന് കണ്ണിനെ സ്വയം കാണാന്‍ സാധിക്കാത്തതുപോലെ വിഷയങ്ങളെ ഗ്രഹിക്കുന്ന ബോധത്തെ സ്വയം വിഷയമാക്കാന്‍ സാധ്യമല്ല. അതിനാല്‍ത്തന്നെ ആത്മസാക്ഷാത്കാരമെന്നത് ഒരു സാധാരണ അനുഭവമല്ല. സാധാരണ അനുഭവത്തില്‍ ബോധം വിഷയത്തില്‍ ബന്ധപ്പെട്ടുനിന്നാല്‍ മാത്രമാണ് വിഷയഗ്രാഹ്യം സംഭവിക്കുന്നത്. എന്നാല്‍ ആത്മസാക്ഷാത്കാരത്തില്‍ ബോധം വിഷയത്തെ വിടുകയാണ് ചെയ്യുന്നത്. ഇവിടെ ബോധം യഥാര്‍ത്ഥത്തിലുള്ള പൂര്‍വ്വാവസ്ഥയെ ഗ്രഹിക്കുകയല്ല, പ്രാപിക്കുകയാണ്.
ഇനി, വാക്കും ബ്രഹ്‌മത്തെ/ആത്മാവിനെ പ്രാപിക്കാന്‍ യോഗ്യമാകുന്നില്ല. കാരണം ഭൗതിക വസ്തുക്കളെ അവയുടെ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കാനും വിവരിക്കാനും മാത്രമേ വാക്കിന് സാധിക്കുകയുള്ളു. വാക്ക് ശബ്ദതത്ത്വത്തിന്റെ പരിണാമഫലമാകുന്നതിനാല്‍ അതിന് ഭൗതികമായ പരിമിതിക്കുള്ളില്‍ മാത്രമേ വ്യാപരിക്കാന്‍ സാധിക്കൂ. ഇപ്രകാരം വാക്കുകള്‍ക്ക് അതീതമായി നിലകൊള്ളുന്ന ബ്രഹ്‌മത്തെ പഠിപ്പിക്കുകയെന്നത് ആചാര്യനെ സംബന്ധിച്ച് പ്രയാസമേറിയ ഉദ്യമം തന്നെയാകുന്നു.
അറിഞ്ഞിട്ടുള്ളവയില്‍ നിന്നുമാത്രമല്ല, അറിഞ്ഞിട്ടില്ലാത്തവയില്‍ നിന്നും ഭിന്നമാണ് ബ്രഹ്‌മം എന്നും ഇവിടെ പറയുന്നു. ഭൗതികജ്ഞാനത്തെ അറിഞ്ഞുകഴിഞ്ഞവയും ഇനിയും അറിഞ്ഞിട്ടില്ലാത്തവയും എന്ന് തരം തിരിക്കാം. വ്യക്തികളില്‍ ആരും തന്നെ ഇവിടെ എല്ലാം അറിഞ്ഞിട്ടുള്ളവരല്ല. അതിനാല്‍ ലൗകിക ജ്ഞാനത്തിന്റെ സിംഹഭാഗവും അറിയപ്പെട്ടിട്ടില്ലാത്തതാകുന്നു. പക്ഷേ ഇത് ഭാവിയില്‍ അറിയപ്പെടാന്‍ സാധ്യതയുള്ളതാണ്. എന്നാല്‍ ബ്രഹ്‌മമാകട്ടെ ഈ അറിഞ്ഞിട്ടില്ലാത്തവ അഥവാ ഭാവിയില്‍ അറിയപ്പെടാന്‍ സാധ്യതയുള്ളവയില്‍ നിന്നൊക്കെ ഭിന്നമാകുന്നു. കാരണം അലൗകിക വസ്തുവും വിഷയിയുമായിട്ടുള്ള ബ്രഹ്‌മം ഒരിക്കലും ലൗകിക വിഷയമാകുന്നതല്ല.
അടുത്തത്: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍
















