
മെൽബൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണി. . ജൂലൈ 8 മുതൽ 10 വരെയാണ് പ്രധാനമന്ത്രിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം. ഓസ്‌ട്രേലിയൻ മാധ്യമമായ “ദി ഓസ്‌ട്രേലിയ ടുഡേ” യുടെ റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയിലൂടെയാണ് പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി വന്നത് . തുടർന്ന് ഓസ്‌ട്രേലിയയിലെ ഫെഡറൽ പോലീസും സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട് .അബു മുസ്തഫ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ ഭീഷണി സന്ദേശം വന്നിരിക്കുന്നത്.
ജൂലൈ 9 ന് ഓസ്‌ട്രേലിയയിലെ മെൽബണിലെ മാർവൽ സ്റ്റേഡിയത്തിലാണ് “മെൽബൺ മോദിയെ കണ്ടുമുട്ടുന്നു” എന്ന പേരിൽ പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത് . പരിപാടിയെ പ്രോത്സാഹിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് അധികൃതർ പങ്ക് വയ്‌ക്കുകയും ചെയ്തു. അതിന് താഴെ കമന്റായാണ് ഭീഷണി സന്ദേശം വന്നത്.
“പരിപാടി നടക്കുമ്പോൾ സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിടുന്നതാണ് നല്ലത്, അല്ലെങ്കിൽ അദ്ദേഹം മരണത്തിലേക്കായി ഓസ്‌ട്രേലിയയിലേക്ക് വരും” എന്നാണ് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയെപ്പോലുള്ള ഒരു ആഗോള നേതാവിന് ഇത്തരമൊരു ഭീഷണി ലഭിക്കുന്നത് ഓസ്‌ട്രേലിയൻ ഏജൻസികൾ വളരെ ഗൗരവമായി എടുക്കുകയും എല്ലാ വശങ്ങളും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ഈ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) വിലാസം സുരക്ഷാ അന്വേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏത് വഴിയാണ് സന്ദേശം പോസ്റ്റ് ചെയ്തതെന്ന് നിർണ്ണയിക്കാൻ ഇത് സഹായിക്കും. ഭീഷണിയെത്തുടർന്ന്, ഓസ്‌ട്രേലിയയിലെ എല്ലാ സുരക്ഷാ, നിയമ നിർവ്വഹണ ഏജൻസികളും മോദിയ്‌ക്ക് സുരക്ഷ ഒരുക്കാൻ സജ്ജമായി കഴിഞ്ഞു. പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന സമയത്ത് ഒരു പക്ഷിക്ക് പോലും പറക്കാൻ കഴിയാത്ത വിധം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.