തിരുവനന്തപുരം: ക്രെഡായ് കേരളയുടെ വാര്‍ഷിക സമ്മേളനമായ സ്റ്റേറ്റ്‌കോണ്‍ 3, 4 തീയതികളിലായി ഹയാത്ത് റീജന്‍സിയില്‍ നടക്കും. മൂന്നിന് രാവിലെ 9.45ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.എം. ഷാജി, ഷിബു ബേബി ജോണ്‍, മേയര്‍ വി.വി. രാജേഷ്, ക്രെഡായ് ദേശീയ പ്രസിഡന്റ് ശേഖര്‍ ജി. പട്ടേല്‍, ക്രെഡായി സൗത്ത് വൈസ് പ്രസിഡന്റ് എം.എ. മെഹബൂബ് എന്നിവര്‍ പങ്കെടുക്കും.
റീ ഇമാജിനിങ് കേരള: ടാലന്റ.് ടെക്‌നോളജി, ടുമോറോ (പ്രതിഭ സാങ്കേതിക വിദ്യ, നാളെ) എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. വ്യവസായ പ്രമുഖരും നയരൂപകര്‍ത്താക്കളും വിദഗ്ധരും രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തിന്റെ വികസന സാധ്യതകള്‍ക്ക് പ്രാധാന്യം നല്‍കുന്ന തന്ത്ര പ്രധാന വേദിയായാണ് സ്റ്റേറ്റ് കോണ്‍ 2026 വിഭാവനം ചെയ്തിരിക്കുന്നതെന്ന് ക്രെഡായ് സംസ്ഥാന ചെയര്‍മാന്‍ റോയ് പീറ്റര്‍, കണ്‍വീനര്‍ ജനറലും ക്രെഡായ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ വി.എസ്. ജയചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
















