ഹൂസ്റ്റണ്‍: ഒരിക്കല്‍ സ്വന്തം കുഞ്ഞിന്റെ ചികിത്സയ്‌ക്കായി ദേശീയ ടീമിന്റെ ജേഴ്‌സി പോലും വിറ്റ ഗോള്‍കീപ്പര്‍, ഇന്ന് അതേ രാജ്യത്തിന്റെ ജേഴ്‌സി ധരിച്ച് ലോകകപ്പില്‍ ജര്‍മ്മനി
യെ പുറത്താക്കി ദേശീയ നായകനായി മാറിയിരിക്കുന്നു. റൗണ്ട് ഓഫ് 32ല്‍ പരാഗ്വെയുടെ രക്ഷകനായ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന്റെ ലോകകപ്പിലെ തിളക്കത്തിന് പിന്നില്‍ വലിയ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും കഥയുണ്ട്.
2020-ല്‍ സീനിയര്‍ ക്ലബ് അരങ്ങേറ്റം നടത്തിയ ഗില്ലിന് സ്ഥിരം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. 2022-ല്‍ ഭാര്യ മെലിസ്സ അവലോസ് ഗര്‍ഭിണിയായിരിക്കെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. പ്രസവം സങ്കീര്‍ണമായതിനെ തുടര്‍ന്ന് ഭാര്യയ്‌ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഒടുവില്‍ മകന്‍ ലൗട്ടാരോയ്‌ക്ക് മാസം തികയാതെ ഗില്ലിന്റെ ഭാര്യ ജന്മം നല്‍കി. കുഞ്ഞിന് ദിവസങ്ങളോളം ഐസിയുവില്‍ ചികിത്സ ആവശ്യമായി വന്നതോടെ സാമ്പത്തികമായി മെച്ചമല്ലാതിരുന്ന ആ കുടുംബം നന്നേ വിഷമിച്ചു. കുടുംബത്തെ രക്ഷിക്കാന്‍ ഒര്‍ലാന്‍ഡോ എല്ലാം വിറ്റു. ആ ദിവസങ്ങളെക്കുറിച്ച് ഭാര്യ പിന്നീട് സോഷ്യല്‍ മീഡിയയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു, സാമ്പത്തികമായി തകര്‍ന്ന കുടുംബത്തെ രക്ഷിക്കാന്‍ ഗില്‍ വിറ്റത്: ക്ലബ് ജേഴ്‌സികള്‍, ഫുട്‌ബോള്‍ ബൂട്ടുകള്‍, വസ്ത്രങ്ങള്‍, ഏറ്റവും വിലമതിച്ചിരുന്ന 2019 അണ്ടര്‍-20 പരാഗ്വെ ദേശീയ ടീമിന്റെ ജേഴ്‌സി പോലും വിറ്റു. ‘ഞങ്ങള്‍ക്ക് ഒന്നുമില്ലായിരുന്നു. മകനെ രക്ഷിക്കാന്‍ ഓര്‍ലാണ്ടോ എല്ലാം വിറ്റു.’ ജീവിതം പിന്നീട് മാറിമറിഞ്ഞു. അര്‍ജന്റീനന്‍ ക്ലബ്ബായ സാന്‍ ലോറന്‍സോ അവസരം നല്‍കി. 2025 സപ്തംബറില്‍ പെറുവിനെതിരെ പരാഗ്വെയ്‌ക്കായി ഒര്‍ലാന്‍ഡോ സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തി.
ലോകകപ്പിന് മുമ്പ് വെറും ആറ് അന്താരാഷ്‌ട്ര മത്സരങ്ങളാണ് കളിച്ചിരുന്നത്. റൗണ്ട് ഓഫ് 32-ല്‍ ജര്‍മ്മനിക്കെതിരെ 120 മിനിറ്റില്‍ നിരവധി നിര്‍ണായക രക്ഷപ്പെടുത്തലുകളാണ് ഒര്‍ലാന്‍ഡോ നടത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ട് പെനാല്‍റ്റികള്‍ തടഞ്ഞു. മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മറ്റാര്‍ക്കുമല്ല.
















