ശാസ്താംകോട്ട: ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും 27 ലക്ഷം തട്ടിയെടുത്ത കേസ്സില്‍ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്‌ഐ നേതാവിനെ ഇന്നലെ ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റും ഡിവൈഎഫ്‌ഐ കുന്നത്തൂര്‍ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ കൊല്ലം കുന്നത്തൂര്‍ കൊല്ലാറ എബിന്‍ ഭവനത്തില്‍ എബിന്‍. കെ.ഷിബു (32) വിനെയാണ് റിമാന്‍ഡ് ചെയ്തത്.
വിശദമായ അന്വേഷണം നടത്താനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അടുത്ത ദിവസം തന്നെ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. തട്ടിപ്പില്‍ ജനപ്രതിനിധികള്‍ക്കോ, മറ്റ് ജീവനക്കാര്‍ക്കോ പങ്കുണ്ടോ എന്ന കാര്യം പോലീസ് വിശദമായി പരിശോധിക്കും. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഫോണ്‍ നമ്പരാണ് ട്രാന്‍സാക്ഷന്‍ നടത്താന്‍ നല്‍കിയിരുന്നതെന്നാണ് വിവരം. ഇവരുടെ ഫോണിലേക്ക് വരുന്ന ഒടിപി, എബിന് നല്‍കുകയും ഇത് ഉപയോഗിച്ച് എബിന്‍ മാതാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റുകയുമായിരുന്നു. ഇത്തരത്തില്‍ മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ കേസ്സെടുത്ത ശാസ്താംകോട്ട സിഐ കഴിഞ്ഞ ദിവസം പ്രതിയെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. 27 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 2017ല്‍ നിലവിലെ സിപിഎം കുന്നത്തൂര്‍ ഏരിയാ സെക്രട്ടറി ടി.ആര്‍ ശങ്കരപിള്ള പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പിന്‍വാതില്‍ നിയമനത്തിലൂടെയാണ് എബിന്‍ പഞ്ചായത്തില്‍ കടന്നുകൂടിയതെന്നാണ് ആരോപണം.
പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പിന് ഒത്താശ ചെയ്തതായി ആരോപണമുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കണമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇ-ഗ്രാം പോര്‍ട്ടല്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. പ്രോജക്ട് അസിസ്റ്റന്റിന്റെ ജോലി ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ജിയോ ടാകിംഗ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുക എന്നതുമാണ്. എന്നാല്‍ സമാന്തര പ്രസിഡന്റായി പഞ്ചായത്തില്‍ വിലസിയ എബിനെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയത് എല്‍ഡിഎഫ് ഭരണ സമിതിയാണ്.
തട്ടിപ്പ് നടത്താന്‍ സിപിഎമ്മിന്റെ നേരിട്ടുള്ള സഹായം ലഭിച്ചിരുന്നതായാണ് സൂചന. തട്ടിയെടുത്ത പണത്തിന്റെ നല്ലൊരു ഭാഗം പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കി. ബാക്കി തുക ഡിവൈഎഫ്‌ഐയുടെ യുവ നേതാക്കള്‍ക്കും ചില ജനപ്രതികള്‍ക്കും അടുത്ത പ്രവര്‍ത്തകര്‍ക്കുമൊപ്പം ധൂര്‍ത്തടിക്കാനായി ഉപയോഗിച്ചെന്നാണ് അറിയുന്നത്.
















