തിരുവനന്തപുരം: സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവിനെതിരെ എസ്‌എഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. മാർച്ചിനിടെ ബ്ലേഡ് കൊണ്ട് പ്രതിഷേധക്കാർ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. തുടർന്ന് പോലീസും പ്രവത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. എസ്‌എഫ്‌ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ചെയ്‌തു. പ്രതിഷേധം നടത്തിയ സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തിട്ടുണ്ട്. ഈ ബ്ലേഡുകൾ ഉപയോഗിച്ച് പ്രതിഷേധക്കാർ തങ്ങളെ ആക്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്.
ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളുമടക്കം പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെയും ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി. പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. കൊച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിന് ഉള്ളിലേക്ക് പ്രതിഷേധക്കാർ കടന്നു. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.
















