World

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി യുഎഇ; രക്ഷിതാക്കൾ അനുവദിച്ചാലും ഉപയോഗം പാടില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദുബായ്: പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം നിരോധിക്കുന്ന പ്രമേയത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. കുട്ടികളുടെ മാനസികാരോഗ്യവും സൈബർ സുരക്ഷയും മുൻനിർത്തിയാണ് തീരുമാനം. 15 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമുണ്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ സംബന്ധിച്ച ഫെഡറൽ നിയമത്തിന്റെ തുടർച്ചയായാണ് നടപടി.

15 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ അനുവാദമുണ്ടായിരിക്കൂ. പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം ലഭ്യമാക്കുക, ഉയർന്ന അപകടസാധ്യതയുള്ള ഫീച്ചറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഉപയോഗ സമയം ക്രമീകരിക്കുക, രക്ഷിതാക്കളുടെ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നിയന്ത്രണങ്ങളുണ്ട്. കൂടാതെ, 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ രക്ഷിതാക്കളുടെ കൃത്യമായ അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയുന്ന പ്രത്യേക വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്.

ഈ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി ആണ് നിയമം നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത്.

ക്ഷിതാക്കൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള കർശന നിയന്ത്രണങ്ങളാണ് പ്രമേയത്തിലുള്ളത്. മാതാപിതാക്കൾ അല്ലെങ്കിൽ കുട്ടികളെ നോക്കുന്നവർ സ്വന്തം താല്പര്യപ്രകാരം അനുവാദം നൽകിയാൽ പോലും, പ്രമേയത്തിൽ പറയുന്ന നിയന്ത്രണങ്ങളിൽ നിന്ന് കുട്ടികൾക്ക് യാതൊരുവിധ ഇളവുകളും ലഭിക്കില്ല.

പുതിയ പ്രമേയമനുസരിച്ച്, കുട്ടികളുടെ ഡിജിറ്റൽ ഇടങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കാൻ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും നിയമപരമായ ഉത്തരവാദിത്തമുണ്ട്. അതോടൊപ്പം, കുട്ടികളെ ഉത്തരവാദിത്തമുള്ള രീതിയിൽ ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളും നിയമം രക്ഷിതാക്കൾക്ക് മുന്നിൽ വെക്കുന്നു.