ബെംഗളുരു: എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം മൂലം വിദ്യാർഥി മരിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലയിലാണ് സംഭവം. ഹുൻസാഗി സ്വദേശിയായ ബാലു ദേശായി (18) ആണ് മരിച്ചത്. എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗത്തെ തുടർന്ന് വൃക്കകൾ തകരാറിലായതാണ് മരണത്തിന് കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ദിവസവും നാല് കുപ്പിവരെ എനർജി ഡ്രിങ്കുകൾ ബാലു ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഉപയോഗം കുറയ്‌ക്കാൻ കുടുംബാംഗങ്ങൾ പലതവണ ആവശ്യപ്പെട്ടെങ്കിലും അത് പാലിക്കാൻ യുവാവ് തയ്യാറായില്ലെന്നാണ് വിവരം.
ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിച്ചു. വൃക്ക തകരാറാണ് മരണകാരണമെന്ന് ഡോക്ടർമാർ പ്രാഥമികമായി സംശയിക്കുന്നുണ്ടെങ്കിലും മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്ന ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് എനർജി ഡ്രിങ്കുകൾക്കെതിരേ പ്രതിഷേധം ശക്തമായി. യുവാക്കളും നാട്ടുകാരും ചേർന്ന് എനർജി ഡ്രിങ്കുകളുടെ കുപ്പികൾ റോഡിലേക്ക് ഒഴിച്ച് പ്രതിഷേധിക്കുകയും ഇത്തരം പാനീയങ്ങൾ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
















