ഹൂസ്റ്റണ്‍: ലോക ഫുട്‌ബോള്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി കൊണ്ടാടുന്ന ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം ഇന്ന്. ഗ്രൂപ്പ് കെയില്‍ ഇന്ത്യന്‍ സമയം രാത്രി 10.30ന് പോര്‍ച്ചുഗല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ നേരിടും.
സമീപകാലത്തെ ഏറ്റവും മികച്ച ടീമുമായെത്തുന്ന പോര്‍ച്ചുഗല്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ്. മാത്രപവുമല്ല, ലോകകിരീടം ഇനിയും അന്യമായി തുടരുന്ന റൊണാള്‍ഡോയ്‌ക്ക് ഒരു കിരീടത്തിനായി സഹതാരങ്ങള്‍ കൈ മെയ് മറന്ന് പോരാടുമെന്നുറപ്പ്. ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം 1966ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ്. 2022 ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിലുമെത്തിയിരുന്നു. 2016ല്‍ യൂറോ കിരീടം നേടിയ അവര്‍ക്ക് ഇന്നും ലോക കിരീടം ബാലികേറാമലയാണ്.
അമേരിക്ക, ചിലി, നൈജീരിയ തുടങ്ങിയ ടീമുകളെ സൗഹൃദ മത്സരത്തില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ലോകകപ്പിനെത്തുന്നത്. ഡിയേഗോ കോസ്റ്റ, ജാവോ കാന്‍സെലോ, റൂബന്‍ ഡയസ്, ന്യൂനോ മെന്‍ഡസ്, വിട്ടിഞ്ഞ, പെഡ്രോ നെറ്റോ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പറങ്കിപ്പടയിലുണ്ട്.
52 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോംഗോ ലോകകപ്പിനെത്തുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫീല്‍ ജമൈക്കയെ 1-0ന് പരാജയപ്പെടുത്തിയാണ് കോംഗോ ലോകകപ്പിനു യോഗ്യത നേടുന്നത്.
സാധ്യതാ ഇലവന്‍: പോര്‍ച്ചുഗല്‍ (4-3-3): ഡിയോഗോ കോസ്റ്റ, ജോവോ കാന്‍സലോ, റൂബെന്‍ ഡയസ്, ഗോണ്‍സാലോ ഇനാസിയോ, നുനോ മെന്‍ഡസ്, ജോവോ നെവ്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റിഞ്ഞ; ബെര്‍ണാഡോ സില്‍വ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പെഡ്രോ നെറ്റോ.
കോംഗോ (5-3-2): ലയണല്‍ എംപാസി, ആരോണ്‍ വാന്‍-ബിസാക്ക, സ്റ്റീവ് കപുഡി, ആക്സല്‍ ടുവന്‍സെബെ, ചാന്‍സല്‍ എംബെംബ, ആര്‍തര്‍ മസുവാകു, സാമുവല്‍ മൗട്ടൂസാമി, നോഹ സാദികി, എന്‍ഗാല്‍യേല്‍ മുകൗ, യോനെ വിസ, സെഡ്രിക് ബകാമ്പു.
















