അന്ന് ശൈശവം പിച്ചവെച്ചപ്പോള്‍
എന്റെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞപ്പോള്‍
കൊച്ചു ശബ്ദം പലവുരു കൊഞ്ചി
പൊന്നുഷസ്സില്‍ ഞാന്‍ ആദ്യമായ് കൂവി
ജാലകത്തില്‍ പുറത്തമ്മയന്നെന്‍
ലോലഗാനമരങ്ങേറ്റിയപ്പോള്‍
ഏറെ സൂത്രത്തില്‍ വേടന്‍ വിരിച്ച
നൂല്‍വലയ്‌ക്കുള്ളില്‍ മേനി പതിച്ചു
നാലു കാശിനു കൈവിട്ടു വേടന്‍
‘സ്ഥാനമാനങ്ങള്‍’ കൈപ്പറ്റി ഞാനും
കിട്ടി കൂട്ടില്‍ പഴം തേനു പാലും
നെറ്റിയില്‍ പൊട്ട് പട്ടും വളയും
നാടുനീളെ ശിരസ്സില്‍ വഹിച്ച
‘പക്ഷിശാസ്ത്രജ്ഞന്‍’ എന്നോടുരച്ചു
‘എന്റെ കൂടെയോ നീയുള്ള കാലം
രണ്ടുപേര്‍ക്കും മഹാഭാഗ്യവേള’
കാട്ടുതത്തെ ഞാന്‍ ചൊല്ലട്ടെ കേള്‍ക്കൂ
കൂട്ടിലെ കഥയല്പമറിയൂ
കണ്ണുനില്ലാത്ത വൃന്ദാവനം പോല്‍
സീതയില്ലാത്ത രാമാലയം പോല്‍
കാടു ദുസ്സഹമാണിതമ്മയ്‌ക്കീ
കൂടു ദുസ്സഹമാണിന്നെനിക്കും
ഏറെ പേരുടെ ഭാഗ്യങ്ങള്‍ കൊത്തി
നേരമേറെ വെറുതെയുലാത്തി
നിന്റെ ഭാവിയതെന്‍ കയ്യിലല്ലോ
എന്റെ ഭാവിയോ നിന്‍ കയ്യിലല്ലോ
നിന്‍ വിധികളുരക്കുന്നൊരെന്റെ
വിധി കുറിപ്പതു നിങ്ങളാണല്ലോ
നിന്റെ ഭാഷ എനിക്കറിഞ്ഞീടാം
എന്റെ ഭാഷ നിനക്കറിവീല
കാട്ടുതീയില്‍ കരിയാത്തതല്ലൊ
കാലവര്‍ഷം നനയ്‌ക്കാത്തതല്ലൊ
വന്യജീവികളേറാത്തതല്ലൊ
അമ്മ തീര്‍ത്തൊരാ സ്‌നേഹകുടീരം
കാട്ടിലമ്മതന്‍ കൂടെ വസിക്കും
കൊച്ചുപൂവനമിന്നുമെന്‍ സ്വപ്‌നം
നിന്റെ ഭാഷ എനിക്കറിഞ്ഞീടാം
എന്റെ ഭാഷ നിനക്കറിവില –















