
കൊല്ലൂർ: തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയോടെയായിരുന്നു ദർശനം. മംഗളൂരു വിമാനത്താവളത്തിൽ എത്തിയ വിജയ് അവിടെ നിന്ന് റോഡ് മാർഗം കൊല്ലൂരിലേക്കെത്തി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും പൂജാരിമാരും ചേർന്നാണ് സ്വീകരിച്ചത്.
ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി വിജയ്‌ക്ക് വസ്ത്രം മാറുന്നതിനായി കൊല്ലൂരിലെ പ്രശസ്തമായ ആർഎൻഎസ് അതിഥി മന്ദിരത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ക്ഷേത്രത്തിലെ നിയമങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിച്ചുകൊണ്ട് വിജയ് തന്റെ മോഡേൺ വസ്ത്രങ്ങൾ മാറി, തനത് നാടൻ ശൈലിയിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചു.
വെള്ളി വാൾ ദേവിക്ക് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് അവിടുത്തെ പ്രധാന തന്ത്രിക്ക് മുന്നിൽ ഒരു പ്രധാന അഭ്യർത്ഥന നടത്തി. “ഞാൻ സമർപ്പിച്ച ഈ വെള്ളി വാൾ ക്ഷേത്രത്തിൽ ദിവസേന നടക്കുന്ന നിത്യപൂജകളുടെ സമയത്ത് നിർബന്ധമായും ഉപയോഗിക്കണം” എന്നതായിരുന്നു വിജയ്‌യുടെ അഭ്യർത്ഥന.
ഇതോടൊപ്പം തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും സിനിമാ ഇതിഹാസവുമായ എം.ജി. രാമചന്ദ്രൻ മുൻപ് കൊല്ലൂർ മൂകാംബികയ്‌ക്ക് സ്വർണ്ണ വാൾ വഴിപാടായി നൽകിയ ചരിത്രവും വിജയ് ഓർമ്മിപ്പിച്ചു. ക്ഷേത്ര സന്ദർശന വേളയിൽ അന്ന് എംജിആർ നൽകിയ ആ ചരിത്രപ്രസിദ്ധമായ സ്വർണ്ണ വാൾ വിജയ് അതീവ കൗതുകത്തോടെ നോക്കിക്കണ്ടു. പിന്നീട് ക്ഷേത്രത്തിനുള്ളിൽ കയറി വിജയ് ദർശനം പൂർത്തിയാക്കി. തുടർന്ന് കൊല്ലൂരിൽ നിന്ന് കാർ സ്വന്തമായി ഡ്രൈവ് ചെയ്താണ് വിജയ് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയത്.
കർണാടകയിലെ ഉഡുപ്പി ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ എംജിആർ, ജയലളിത തുടങ്ങിയവരും അധികാരം ഏറ്റെടുത്ത ശേഷം മൂകാംബികയുടെ അനുഗ്രഹം തേടി ഇവിടെ എത്തിയിട്ടുണ്ട്. ആ പരമ്പരയിലേക്കാണ് ഇപ്പോൾ നിലവിലെ മുഖ്യമന്ത്രി ജോസഫ് വിജയിന്റെ പേരും എഴുതിച്ചേർക്കപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര ഭരണസമിതിയും ജില്ലാ ഭരണകൂടവും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിനുള്ളിലും പരിസരത്തും സുരക്ഷാ ആവശ്യങ്ങൾക്കായി കൂടുതൽ പോലീസുകാരെ വിന്യസിച്ചു. ക്ഷേത്രത്തിനുള്ളിലും പരിസരത്തും പോലീസ് പരിശോധന നടത്തി. നിരവധി ആരാധകരും ഭക്തരും അദ്ദേഹത്തെ കാണാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു.