തളിപ്പറമ്പ്: തളിപ്പറമ്പിലെ വഖഫ് ഭൂമി അവകാശം വന്‍വിവാദത്തിലേക്ക്. തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലുമുള്ള 400 ഏക്കറോളം ഭൂമി വഖഫിന്റേതെന്നു കാട്ടി വഖഫ് ബോര്‍ഡ് ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. തളിപ്പറമ്പ് നഗരസഭ ഓഫീസ് സ്ഥലവും സ്വന്തമാണെന്നാണ് വഖഫ് വാദം. വിഷയം മുനമ്പം മാതൃകയിലുള്ളതാണ്. കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ പ്രതികൂലമായി ബാധിക്കുക കൂടുതലും മുസ്ലിം കുടുംബങ്ങളെത്തന്നെയാണ്.
നൂറുകണക്കിന് പേര്‍ വര്‍ഷങ്ങള്‍ക്കോ തലമുറകള്‍ക്കോ മുമ്പു വില കൊടുത്ത് വാങ്ങിയതും പരമ്പരാഗതമായി ലഭിച്ചതുമായ സ്ഥലങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍പ്പെടും. തളിപ്പറമ്പില്‍ 1967ല്‍ 634 ഏക്കര്‍ ജുമാ മസ്ജിദിനു കീഴില്‍ വഖഫ് സ്വത്തായുണ്ടായിരുന്നെന്നും ഏറിയ പങ്കും കൈയേറ്റം ചെയ്യപ്പെട്ടെന്നുമാണ് വാദം.
സിപിഎം പിന്തുണയുള്ള വഖഫ് സംരക്ഷണ സമിതിയാണ് വാദം ആദ്യം ഉന്നയിച്ചത്. ലീഗ് നിയന്ത്രണത്തിലുള്ള സര്‍ സയ്യിദ് കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട്, ട്രെയിനിങ് കോളജ് തുടങ്ങിയിടങ്ങളില്‍ കടന്നുകയറാനുള്ള സിപിഎം ശ്രമമായിരുന്നെന്ന ആരോപണവും ഉയര്‍ന്നു.
വഖഫ് സംരക്ഷണ സമിതി സമ്മര്‍ദത്തെത്തുടര്‍ന്ന് അവര്‍ക്കനുകൂലമായ മുത്തവല്ലിമാരെ നിയമിച്ചതോടെ ആയിരത്തിലധികം പേര്‍ സ്ഥലം കൈയേറിയെന്ന് കാണിച്ച് ഭൂരിഭാഗം പേര്‍ക്കും വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു. ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടെയാണ് ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.
കപ്പാലം, ജുമ അത്ത് പള്ളി പരിസരം, മന്ന, ബദരിയ നഗര്‍, ഫാറൂഖ് നഗര്‍, കരിമ്പം പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലുമാണ് വഖഫ് ഭൂമിയെന്നവകാശപ്പെടുന്ന ഭൂമി. തളിപ്പറമ്പിലെ മിക്ക റോഡുകളും പണിതത് വഖഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു കൂടിയാണ്. ഉമീദ് പോര്‍ട്ടലില്‍ തളിപ്പറമ്പിലെ സ്ഥലം ഉള്‍പ്പെടുത്തിയത് പുറത്തറിയുന്നത് കഴിഞ്ഞ ദിവസമാണ്.
മുസ്ലിം കുടുംബങ്ങള്‍ ഉള്‍പ്പെടെ കുടിയൊഴിപ്പിക്കപ്പെടുന്നതില്‍ പ്രതിഷേധിക്കാന്‍ ബിജെപി 16ന് രാവിലെ 10.30ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ കൂട്ടായ്‌മ സംഘടിപ്പിക്കും. ബിജെപി
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ല പ്രസിഡന്റ് കെ.കെ. വിനോദ്കുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.
















