
കോഴിക്കോട് ; എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ.
മുസ്ലീങ്ങളേക്കാൾ ഈഴവർക്കാണ് വെള്ളാപ്പള്ളിയോട് കൂടുതൽ വെറുപ്പെന്നാണ് അശോകൻ ചെരുവിൽ പറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പരാജയത്തെ കുറിച്ച് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയ കുറിപ്പിന് കമന്റായാണ് അശോകൻ ചരുവിൽ ഇക്കാര്യം രേഖപ്പെടുത്തിയത്.
‘ 2016ൽ നാരായണഗുരുവിനെ മുൻനിർത്തി വെള്ളാപ്പള്ളിയിസത്തെ തോൽപ്പിച്ചു കൊണ്ടാണ് ഇടതുപക്ഷം വിജയിച്ചത്. വെള്ളാപ്പള്ളി ഉള്ള സ്ഥലത്ത് ഗുരു ഉണ്ടാവുകയില്ല എന്ന വസ്തുത നമ്മൾ മറന്നു. 2026ൽ ഈഴവ പിന്നാക്ക വിഭാഗങ്ങളിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാമെന്ന് കരുതിയാവാം വെളളാപ്പളളിയെ കൂടെ നിർത്തിയത്. മുസ്‌ലിം ജനതക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളത്. കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂവെന്നും ‘ എന്നാണ് അശോകൻ ചരുവിൽ കുറിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് അശോകൻ ചരുവിലിന്റെ പ്രതികരണം.