കൊച്ചി: ആവേശകരമായ കേരള ബാസ്‌കറ്റ്‌ബോള്‍ ലീഗ് (ബിഎല്‍കെ) നാലാം ദിനത്തിലേക്ക് കടന്നപ്പോള്‍ മത്സരങ്ങള്‍ കടുക്കുന്നു. ലീഗ് റൗണ്ടുകള്‍ അവസാനിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ടീമുകള്‍ തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
ടൂര്‍ണമെന്റിലെ കരുത്തരായ കാലിക്കറ്റ് വാരിയേഴ്‌സ് അണ്ടര്‍-14 ബോയ്‌സ്, അണ്ടര്‍-14 ഗേള്‍സ്, അണ്ടര്‍-19 ഗേള്‍സ് എന്നീ മൂന്ന് വിഭാഗങ്ങളിലും തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നു. അതേസമയം, അണ്ടര്‍-19 ബോയ്‌സ് വിഭാഗത്തില്‍ കോട്ടയം ബൈസണ്‍സും തൃശൂര്‍ ടാസ്‌കേഴ്‌സും തോല്‍വിയറിയാതെ കടുത്ത പോരാട്ടവുമായി മുന്നേറുകയാണ്.
രാവിലെ ആരംഭിച്ച മത്സരങ്ങള്‍ മുതല്‍ വൈകുന്നേരത്തെ കനത്ത പോരാട്ടങ്ങള്‍ വരെ കാണികള്‍ക്ക് ആവേശകരമായ അനുഭവമാണ് സമ്മാനിച്ചത്. ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സ്, കോട്ടയം ബൈസണ്‍സ്, കാലിക്കറ്റ് വാരിയേഴ്‌സ് എന്നീ വമ്പന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വന്ന മത്സരങ്ങള്‍ ടൂര്‍ണമെന്റ് പോയിന്റ് പട്ടികയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി.
അണ്ടര്‍-14 ഗേള്‍സ് വിഭാഗത്തില്‍, കോട്ടയം ബൈസണ്‍സിനെതിരെ ആദ്യ പകുതിയില്‍ പിന്നിലായിരുന്ന ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സ്, രണ്ടാം പകുതിയില്‍ 43-17 എന്ന തകര്‍പ്പന്‍ മുന്നേറ്റത്തോടെ 14 പോയിന്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. കാലിക്കറ്റ് വാരിയേഴ്‌സിന്റെ യു-14 ബോയ്‌സ് ടീം ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സിനെ 69-35 എന്ന സ്‌കോറിന് അനായാസം പരാജയപ്പെടുത്തി തങ്ങളുടെ അപരാജിത പദവി നിലനിര്‍ത്തി.
യു-19 ഗേള്‍സ് വിഭാഗത്തില്‍ തൃശൂര്‍ ടസ്‌കേഴ്‌സ് ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സിനെ 64-51 ന് തോല്‍പ്പിച്ചു. എന്നാല്‍ യു-19 ബോയ്‌സ് വിഭാഗത്തില്‍ ട്രിവാന്‍ഡ്രം കാപ്പിറ്റല്‍സ് 69-42 എന്ന സ്‌കോറിന് കാലിക്കറ്റ് വാരിയേഴ്‌സിനെ തകര്‍ത്തുക്കൊണ്ട് തങ്ങളുടെ കരുത്ത് തെളിയിച്ചു.
ലീഗ് റൗണ്ടില്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കിനില്‍ക്കെ, സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കാനുള്ള വാശിപ്പോരിലായിരിക്കും ടീമുകള്‍.
















