തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ 100 ദിന കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ.എ. തുളസി. പാലക്കാട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനമെടുത്തതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെഡിക്കല്‍ കോളജിന് ആവശ്യമായ കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതിയും മറ്റു സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുവാനും മോണിട്ടറിങ് കമ്മിറ്റി രൂപീകരിച്ചു. മെഡിക്കല്‍ കോളജ് സ്‌പെഷല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കളക്ടര്‍ കണ്‍വീനറായി സ്ഥലം എംപി, എംഎല്‍എ, ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളജ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും 100 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയത്.
മെഡിക്കല്‍ കോളജിന്റെ മെയിന്‍ ബ്ലോക്ക്, ഒപി വാര്‍ഡ്, ഒടി വാര്‍ഡ്, ഒപിസി എന്നിവയുടെ നിര്‍മാണം അടിയന്തിരമായി പൂര്‍ത്തീകരിച്ച് പിഡബ്ല്യുഡി വകുപ്പ് എത്രയും പെട്ടെന്ന് കോളജിന് കൈമാറും. ബോയിലര്‍, മോര്‍ച്ചറി കെട്ടിടങ്ങളുടെ നിര്‍മാണം, സീവേജ്, ഡ്രയിനേജ്, ഗ്യാസ് സപ്ലൈ സിസ്റ്റം, എസ്റ്റിപി, മോഡുലാര്‍ ലാബുകള്‍, ഹോസ്റ്റലുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ സാങ്കേതിക തടസങ്ങള്‍ നീക്കുമെന്നും മന്ത്രി പറഞ്ഞു.












