കൊച്ചി: ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള(ബിഎല്‍കെ)യുടെ ഉദ്ഘാടന ദിനത്തില്‍ കൊച്ചി സ്റ്റാലിയന്‍സ് ടീമിന് ഇരട്ടവിജയം. അണ്ടര്‍ 14 ആണ്‍, പെണ്‍ വിഭാഗക്കാര്‍ ട്രിവാന്‍ഡ്ര്ം കാപിറ്റല്‍സിനെ തോല്‍പ്പിച്ചു. സീനിയര്‍ പെണ്‍ വിഭാഗത്തില്‍ കൊച്ചി സ്റ്റാലിയന്‍സിനെ തോല്‍പ്പിച്ച് കാപിറ്റല്‍സ് തിരിച്ചുവരവ് നടത്തി.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ട്രിവാന്‍ഡ്രം സ്റ്റാലിയന്‍സിനെ 50-44നാണ് പരാജയപ്പെടുത്തിയത്. ഇതേ പ്രായപരിധിയിലെ ആണ്‍ വിഭാഗത്തില്‍ സ്റ്റാലിയന്‍സ് 38-22ന് വിജയം നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 19-9ന് കൊച്ചിയെ തകര്‍ത്താണ് തിരുവനന്തപുരം കളിയിലേക്ക് തിരിച്ചുവന്നത്. തിരുവനന്തപുരത്തിനായി ലിയ മരിയ 16 പോയിന്റും ഗംഗ രാജഗോപാല്‍ 12 പോയിന്റും നേടി. കൊച്ചിയുടെ ഗോപിക കെ.കെ 13 പോയിന്റുകള്‍ നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ആദ്യദിനത്തിലെ മറ്റ് മത്സരഫലങ്ങള്‍:
അണ്ടര്‍-14 പെണ്‍കുട്ടികള്‍: ആലപ്പുഴ ഡോള്‍ഫിന്‍സ്, കോട്ടയം ബൈസണ്‍സിനെ പരാജയപ്പെടുത്തി (60-55).
അണ്ടര്‍-19 പെണ്‍കുട്ടികള്‍: കാലിക്കറ്റ് വാരിയേഴ്‌സ്, തൃശ്ശൂര്‍ ടസ്‌കേഴ്‌സിനെ തകര്‍ത്തു (53-34).
ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വ്വഹിച്ചു. കടവന്ത്ര റീജിയനല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്.
കേരളത്തിലെ യുവ ബാസ്‌ക്കറ്റ്‌ബോള്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റാര്‍ട്ടിങ് ഫൈവ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, എബിസി ബാസ്‌ക്കറ്റ്‌ബോള്‍ ഡെവലപ്‌മെന്റ് ലീഗ്, കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ (കെബിഎ) എന്നിവര്‍ സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.












