Kerala

കോര്‍പറേറ്റ് താത്പര്യം മാധ്യമരംഗത്ത് വെല്ലുവിളിയാകുന്നു: സജിനാരായണന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ഒരു പുതുതലമുറ പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയെന്ന ദൗത്യമാണ് ഇന്നത്തെ പ്രധാന കടമയെന്ന് ബിഎംഎസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്‍ പറഞ്ഞു. വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദ ജയന്തിയും ഹിന്ദുസ്ഥാന്‍ ടൈംസ് മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സി.പി. രാമചന്ദ്രന്‍ അനുസ്മരണവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ ആദരിക്കാനുമുള്ള ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗവ. വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി. മുരളി അധ്യക്ഷത വഹിച്ചു. എല്ലാ രംഗത്തും സംഭവിക്കുന്നത് പോലുള്ള മൂല്യശോഷണം പത്രരംഗത്തുമുണ്ട്. എന്നാല്‍ ഇവിടെ സംഭവിച്ചാല്‍ അത് അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കുക. വന്‍കിട കോര്‍പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലേക്ക് പത്രപ്രവര്‍ത്തനം തരംതാഴുന്നത് അപകടകരമാണ്. പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും വിലയ്‌ക്ക് വാങ്ങുന്ന വാണിജ്യതാത്പര്യം വലിയ വെല്ലുവിളിയാണ്.

ഈ മൂല്യശോഷണം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുന്നതിനും ഇടയാക്കുന്നു. സത്യം സത്യമായി പറയാന്‍ പലപ്പോഴും പത്രങ്ങള്‍ക്ക് കഴിയുന്നില്ല. എതിരാളികളെയും അവരുടെ ആശയങ്ങളെയും ഒരുപോലെ സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിന്റേതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ന് മാധ്യമങ്ങള്‍ അത് നിര്‍വഹിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതാണ്. മാധ്യമങ്ങള്‍ ഇന്ന് പലതരം വെല്ലുവിളികളെയും നേരിടുന്നുണ്ട്. എന്നാല്‍ അവയെ അതിജീവിക്കണെമങ്കില്‍ സത്യത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള പത്രപ്രവര്‍ത്തനത്തിലൂടെ മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് ടൈംസ് മുന്‍ ഡെ. മാനേജിങ് എഡിറ്റര്‍ സി.പി. രവീന്ദ്രന്‍, ഹിന്ദുസ്ഥാന്‍ ടൈംസ് മുന്‍ ഡെ. എഡിറ്റര്‍ സി.പി. രാമചന്ദ്രന്‍ അനുസ്മരണം നടത്തി. ജില്ലയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പട്ടത്താനം ശ്രീകണ്ഠനെ ആദരിച്ചു. സി. പ്രസാദ്, കെ.കെ. പത്മഗിരീഷ്, യു. കൈലാസ് മണി എന്നിവര്‍ സംസാരിച്ചു.

 

Recent Posts