
കോഴിക്കോട്: ബേബി മെമ്മോറിയല്‍ കെയര്‍ ഗ്രൂപ്പിന്റെ കമ്മ്യൂണിറ്റി എമര്‍ജന്‍സി തയാറെടുപ്പ് പദ്ധതിയായ ലൈഫ്ലൈനര്‍ രണ്ടാം ഘട്ടത്തിലേക്ക്. ഹൃദയാഘാതം, സ്ട്രോക്ക്, അപകടങ്ങള്‍, ശ്വാസതടസം, വിഷബാധ തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന സിപിആര്‍പ്രായോഗിക പരിശീലന പരിപാടി എല്ലാവരിലേക്കുമെത്തിക്കുകയാണ് ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങളുടെ പ്രതികരണശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഇതിനോടകം രാജ്യത്തുടനീളം 30,000ത്തിലധികം ആളുകള്‍ക്ക് ജീവന്‍രക്ഷാ പരിശീലനവും അവബോധവും നല്‍കി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. 407 പരിശീലന സെഷനുകളും 347 സ്ഥാപനങ്ങളുമായുള്ള സഹകരണവും പദ്ധതിയുടെ ഭാഗമായി നടന്നു.
സ്‌കൂളുകള്‍, കോളജുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, പോലീസ്, ആംബുലന്‍സ് ജീവനക്കാര്‍, എന്‍ജിഒകള്‍, പ്രാദേശിക കൂട്ടായ്‌മകള്‍ എന്നിവയെ ഏകോപിപ്പിച്ച് യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. പദ്ധതിയുടെ രണ്ടാംഘട്ടമായ ലൈഫ്ലൈനര്‍ 2.0 മൈത്ര ഹോസ്പിറ്റല്‍, നാരുവി ഹോസ്പിറ്റല്‍, സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ബിഎംഎച്ച് കെയര്‍ ഗ്രൂപ്പ് അറിയിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനവും നടന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 200 ഫസ്റ്റ്എയ്ഡ് കിറ്റുകള്‍ വിതരണം ചെയ്യുകയും അവ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നല്‍കും.
ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം, സമയബന്ധിതമായ അടിയന്തര ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിവര്‍ഷം 4.28 ലക്ഷത്തിലധികം ജീവനുകള്‍ നഷ്ടപ്പെടുന്നു. ഈ വിടവ് നികത്താനാണ് ലൈഫ്ലൈനര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 75 ദിവസത്തെ അഖിലേന്ത്യാ സിപിആര്‍ സാക്ഷരതാ പര്യടനം, 20 സംസ്ഥാനങ്ങളിലായി 16,000 കിലോമീറ്റര്‍ സഞ്ചരിച്ച് ശ്രദ്ധ നേടിയിരുന്നു. ജീവന്‍ രക്ഷാ പരിശീലനം ആവശ്യമുള്ള സംഘടനകള്‍, അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 8589023000.
വാര്‍ത്താസമ്മേളനത്തില്‍ നിഹാജ് ജി. മുഹമ്മദ്, ഡോ. കെ.ജി. അലക്സാണ്ടര്‍, ഡോ. ഫാബിത് മൊയ്തീന്‍, ഡോ. ആനന്ദ് മോഹന്‍ പൈ, ഡോ. വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.