തിരുവനന്തപുരം: ഹിന്ദു ജ്യോതിഷത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന മഹര്‍ഷിവര്യനാണ് ഭൃഗു മഹർഷി. ഇദ്ദേഹം രചിച്ച പ്രശസ്തമായ ജ്യോതിഷ ഗ്രന്ഥമാണ് ഭൃഗുസംഹിത.
ജ്യോതിഷത്തിലെ ഏറ്റവും ആധികാരികവും പഴക്കമേറിയതുമായ പ്രവചന ശാസ്ത്രമായി ഭൃഗുസംഹിതയെ കണക്കാക്കുന്നു. മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഭൃഗു മഹർഷി ലക്ഷക്കണക്കിന് ജാതകങ്ങൾ തയ്യാറാക്കി പ്രവചനങ്ങൾ നടത്തിയിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍.
ഒരു വ്യക്തിയുടെ മുൻകാല ജീവിതം, വർത്തമാനകാലം, ഭാവി എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.പക്ഷെ ഈ കൃതി ഇന്ന് പൂര്‍ണ്ണരൂപത്തില്‍ ലഭ്യമല്ല. താളിയോലകളില്‍ എഴുതപ്പെട്ട കൃതിയുടെ ഭൂരിഭാഗവും കാലപ്പഴക്കത്താൽ നശിച്ചു. പഞ്ചാബിലെ ഹോഷിയാർപൂർ നഗരത്തിൽ ഭൃഗുസംഹിതയുടെ ചില ഭാഗങ്ങൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും ജനനസമയവും ഗ്രഹനിലയും അടിസ്ഥാനമാക്കി, താളിയോലകളിൽ എഴുതിയിരിക്കുന്ന ഭൃഗുമഹര്‍ഷിയുടെ പ്രവചനങ്ങൾ വായിച്ച് മനസ്സിലാക്കുകയാണ് പതിവ്.
















