
ട്രൂജിലോ: ഹോണ്ടുറാസിന്റെ തീരദേശ മേഖലകളിൽ നടന്ന രണ്ട് വെടിവയ്പ്പുകളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. വടക്കൻ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു ഫാമിലാണ് ആദ്യത്തെ സംഭവം നടന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന പത്തോളം തൊഴിലാളികൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി കാർഷിക തർക്കങ്ങൾ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്. ഗ്വാട്ടിമാല അതിർത്തിക്കടുത്തുള്ള കോർട്ടസ് ഡിപ്പാർട്ട്മെന്റിലെ ഒമോവ മുനിസിപ്പാലിറ്റിയിലാണ് രണ്ടാമത്തെ ആക്രമണം. ആക്രമണത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അക്രമത്തിന് ശേഷം ഇരകളുടെ ബന്ധുക്കൾ മൃതദേഹങ്ങൾ മാറ്റിയതിനാൽ കൃത്യമായ മരണസംഖ്യ വ്യക്തമാകാൻ ഇനിയും സമയമെടുക്കുമെന്ന് പോലീസ് അറിയിച്ചു.