World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജനീവ: അർജന്റീനയിൽ നിന്നുള്ള ‘എംവി ഹോണ്ടിയസ്’ എന്ന ഡച്ച് ക്രൂയിസ് കപ്പലിൽ ഹാൻ്റവൈറസ് (Hantavirus) പടരുന്നത് ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നു. കപ്പലിലെ നിരവധി യാത്രക്കാർക്ക് രോഗം ബാധിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ അന്താരാഷ്‌ട്ര ആരോഗ്യ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തതായും ഇതിൽ അഞ്ചെണ്ണം ഹാൻ്റവൈറസ് ആണെന്ന് സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന (WHO) വ്യാഴാഴ്ച അറിയിച്ചു.

എലികളിലൂടെ പടരുന്ന ഈ വൈറസ് അവയുടെ ഉമിനീർ, മൂത്രം, മലം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്. എന്നാൽ ഹാൻ്റവൈറസ് കൊറോണ പോലെ ഒരു മഹാമാരിയായി പടരാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി വ്യക്തമാക്കി.

ഹന്താവൈറസിന്റെ മിക്ക വകഭേദങ്ങളും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാറില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ ഡോ. മരിയ പറഞ്ഞു. “ഇത് കൊറോണ വൈറസ് പടരുന്നത് പോലെയല്ല. ശാരീരിക ബന്ധത്തിലൂടെയോ അല്ലെങ്കിൽ അടച്ചിട്ട സ്ഥലങ്ങളിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയോ മാത്രമേ ഇത് പടരാൻ സാധ്യതയുള്ളൂ.

2018-ൽ അർജന്റീനയിൽ ഉണ്ടായ പൊട്ടിപ്പുറപ്പെടലിന്റെ സമയത്ത് ഇത്തരത്തിൽ പടരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു,” അവർ വിശദീകരിച്ചു. വൈറസിന്റെ ഇൻകുബേഷൻ കാലയളവ് ആറ് ആഴ്ച വരെയാകാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ ഉണ്ടായേക്കാമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ക്രൂയിസ് കപ്പലിലെ യാത്രക്കാരായ സെന്റ് ഹെലീനയിൽ ഇറങ്ങിയ പൗരന്മാരുള്ള 12 രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന ഔദ്യോഗിക മുന്നറിയിപ്പ് നൽകി. ബ്രിട്ടൻ, അമേരിക്ക, കാനഡ, ജർമ്മനി, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് 149 പേർ സഞ്ചരിച്ച ആഡംബര പര്യവേഷണ കപ്പലിൽ ഹാൻ്റ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹാൻ്റ വൈറസ് ബാധിച്ച് ഇതിനകം കപ്പലിലെ മൂന്ന് പേരാണ് മരിച്ചത്. നിലവിൽ കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇത് വരെ എട്ട് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് മൂന്ന് യാത്രക്കാരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചു. കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉണ്ടെന്നാണ് റിപ്പോർ‍ട്ട്. കപ്പൽ ജീവനക്കാരാണിവർ. നിലവിൽ വെസ്റ്റ് ആഫ്രിക്കൻ തീരത്താണ് കപ്പലുള്ളത്.

ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരന് പനിയും തലവേദനയും നേരിയ വയറിളക്കവുമുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്. ഏപ്രിൽ പതിനൊന്നിന് ശ്വാസതടസ്സം ഉണ്ടായാണ് മരണം സംഭവിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും രോഗലക്ഷണങ്ങൾ തുടങ്ങി. തെക്കൻ ആഫ്രിക്കയിൽ വെച്ച് ഏപ്രിൽ 26-ന് അറുപത്തിയൊമ്പതുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഹാൻ്റ വൈറസ് പോസിറ്റീവായി കണ്ടെത്തിയത്.

ലോകാരോഗ്യ സംഘടനയുടെ ഒരു വിദഗ്ധൻ നിലവിൽ കാബോ വെർഡെയിൽ വെച്ച് കപ്പലിൽ പ്രവേശിച്ചിട്ടുണ്ട്. നെതർലൻഡിൽ നിന്നുള്ള രണ്ട് ഡോക്ടർമാരും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിലെ ഒരു വിദഗ്ധനും സംഘത്തിലുണ്ട്. കപ്പൽ കാനറി ദ്വീപുകളിൽ എത്തുന്നത് വരെ ഇവർ അവിടെ തുടരും. യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കുകയും വൈറസ് പടരാനുള്ള സാധ്യതകൾ വിലയിരുത്തുകയുമാണ് ഇവരുടെ ലക്ഷ്യം.

ഹാൻ്റവൈറസ് ലക്ഷണങ്ങൾ

തുടക്കത്തിൽ സാധാരണ പനി, ശരീരവേദന, തളർച്ച എന്നിവയാണ് പ്രകടമാകുന്നത്. എന്നാൽ പെട്ടെന്ന് തന്നെ രോഗിയുടെ അവസ്ഥ വഷളാകും. വൈറസ് രക്തക്കുഴലുകളെ ദുർബലമാക്കുകയും ശ്വാസകോശത്തിൽ ദ്രാവകം നിറയുകയും ചെയ്യുന്നു. ഇത് ശ്വാസതടസ്സത്തിന് കാരണമാകും. ഇത്തരം ഘട്ടങ്ങളിൽ എക്മോ (ECMO) മെഷീനുകളുടെ സഹായത്തോടെ മാത്രമേ ജീവൻ രക്ഷിക്കാനാവൂ. ചിലി, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ ഹന്താവൈറസ് ലക്ഷണങ്ങൾ കണ്ടാലുടൻ എക്മോ സൗകര്യമുള്ള ആശുപത്രികളിലേക്ക് രോഗികളെ മാറ്റാൻ പ്രത്യേക നിർദ്ദേശമുണ്ട്.

 

Recent Posts