കൊല്‍ക്കത്ത: ബംഗാളിലെ ഖരഗ്പൂരില്‍ വീണ്ടും വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്. ബംഗാളില്‍ ബിജെപിയെ ഇന്നത്തെ നിലയിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച പ്രധാന വ്യക്തിയാണ് ദീലീപ് ഘോഷ്. ഒരിടവേളയ്‌ക്ക് ശേഷമാണ് ദീലിപ് വീണ്ടും ഖരഗ്പൂരിലേക്ക് മത്സരിക്കാനെത്തിയത്. 30,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിലീപിന്റെ വിജയം. അദ്ദേഹം 89,000 ലധികം വോട്ട് നേടിയപ്പോള്‍ ടിഎംസി സ്ഥാനാര്‍ത്ഥി 59,000 വോട്ടുകള്‍ മാത്രമാണ് നേടിയത്.
2016ല്‍ മൂന്ന് സീറ്റുകള്‍ നേടി ബിജെപി ആദ്യമായി ബംഗാളില്‍ അക്കൗണ്ട് തുറന്നപ്പോള്‍ അതില്‍ ഒരെണ്ണം അന്നത്തെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ദീലിപിന്റേതായിരുന്നു. ഖരഗ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കന്നിയങ്കത്തില്‍ സിറ്റിങ് എംഎല്‍എ കൂടിയായ ഗ്യാന്‍ സിങ് സോഹന്‍പാലിനെ പരാജയപ്പെടുത്തിയാണ് ദിലീപ് നിയമസഭയിലേക്ക് എത്തുന്നത്. 1982 മുതല്‍ 2011 വരെ തുടര്‍ച്ചയായി ഏഴ് തവണ വിജയിച്ച വ്യക്തിയാണ് സോഹന്‍പാല്‍.
തദ്ദേശീയ തലത്തില്‍ ബിജെപിയെ വളര്‍ത്തിയെടുത്തുകൊണ്ടാണ് ദീലിപ് നിയമസഭാ, ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചത്. അവിടേയും പിഴച്ചില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ ബിജെപി നേടി. തുടര്‍ന്ന് ടിഎംസിയുടെ നേതാക്കളില്‍ മുഖ്യനായ സുവേന്ദു അധികാരി അടക്കം പത്തോളം എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ദിലീപാണ്. 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശക്തമായ സാന്നിധ്യമായി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ദിലീപ് പരാജയവും അറിഞ്ഞു. പാര്‍ട്ടിക്ക് നല്‍കിയ അടിത്തറയില്‍ ഊന്നിയാണ് പിന്നീട് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്തിയ സുകാന്ത മജുംദാറും നിലവിലെ അധ്യക്ഷന്‍ സമീക് ഭട്ടാചാര്യയും പ്രവര്‍ത്തിച്ചത്.
















