ഈ സംഭവമുണ്ടായതിനിടയ്‌ക്ക് ഒരു ദിവസം എനിക്കൊരു ഫോണ്‍ വന്നു. ഡോ. എന്‍. ആര്‍. മധുവാണ് വിളിച്ചത്. മധുച്ചചേട്ടനെ നേരത്തെ എനിക്ക് പരിചയമുണ്ട്. ഒരു പുസ്തകം പ്രകാശനം ചെയ്യണം എന്നതായിരുന്നു ആവശ്യം. കോഴിക്കോട് എത്താന്‍ കഴിയുമോ എന്നു ചോദിച്ചു. നാടക പുസ്തകമാണ്. ഞാനതു സമ്മതിച്ചു. അതിനിടയില്‍ വീണ്ടും വിളിച്ചു. കേസരി വാരികയ്‌ക്കു വേണ്ടി ഒരു ഇന്റര്‍വ്യൂ തരുമോ എന്നുചോദിച്ചു. ആവാമല്ലോ എന്നു ഞാനും പറഞ്ഞു.
സംവാദകനും പ്രസാധകനുമായ ഷാബുപ്രസാദായിരുന്നു ഇന്റര്‍വ്യൂ ചെയ്തത്. അത് കേസരിയില്‍ അച്ചടിച്ചുവന്നു. ആ സംസാരത്തില്‍ തോപ്പില്‍ഭാസിയുടെ ‘കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം, ‘ഒരു നാടകമേയല്ല’ എന്ന എന്റെ കഴ്ചപ്പാട് ഞാന്‍ പറഞ്ഞിരുന്നു. അതിനു കാരണമുണ്ട്. ആ നാടകത്തിനു പിന്നിലുള്ള, അക്കാലത്തെ കുറച്ചു യുവാക്കളുടെ ‘ബ്രില്യന്‍സി’നെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍, ആസ്വാദകനെന്ന നിലയില്‍ അതിനെയൊരു നാടകമായി പരിഗണിക്കാനാവുമായിരുന്നില്ല. വാസ്തവത്തില്‍ അതൊരു പ്രചാരണ നാടകമാണ്.
ഒഎന്‍വി എന്ന പ്രസിദ്ധനായ യുവകവി, സുലോചനച്ചേച്ചിയെന്ന നല്ല ഗായികയും അഭിനേതാവും, തോപ്പില്‍ഭാസിയെന്ന നല്ല എഴുത്തുകാരനും സംവിധായകനും, ദേവരാജന്‍മാഷെന്ന മികച്ച സംഗീതജ്ഞന്‍, കെ.എസ്.ജോര്‍ജ്ജ് എന്ന നല്ല ഗായകന്‍- ഈ അഞ്ചു പേരുടെയും കഴിവിനെ എങ്ങനെ സമര്‍ത്ഥമായി വിനിയോഗിക്കാമെന്ന ചിലരുടെ ചിന്തയാണ് നാടകമെന്ന ആശയത്തിലേക്കെത്തിയത്. 25 പാട്ടുകളോടെയാണ് നാടകം അരങ്ങേറിയത്. ഇന്നത്തെ ഗാനമേള ട്രൂപ്പുകള്‍ പോലും 25 പാട്ടുകള്‍ ഒരു പരിപാടിയില്‍ പാടുകയില്ല എന്നോര്‍ക്കണം.
നാടകം തുടങ്ങി 10 മിനിറ്റ് കഴിയുമ്പോള്‍ ഒരു അനൗണ്‍സ്‌മെന്റ് ഉണ്ടാവും. ”ഇനി എം.എന്‍.ഗോവിന്ദന്‍ നായര്‍ അല്ലെങ്കില്‍ വി.ടി ബല്‍റാം, അല്ലെങ്കില്‍ അഡ്വക്കേറ്റ് ജനാര്‍ദ്ദനക്കുറുപ്പ്, അഥവാ പുനലൂര്‍ രാജഗോപാലന്‍ നായര്‍- ഇവരില്‍ ആരെങ്കിലും- നമ്മുടെ നാട് നേരിടുന്ന സാമൂഹിക രാഷ്‌ട്രീയ വിഷയങ്ങള്‍ സംസാരിക്കും.” ഇതായിരുന്നു ആ അനൗണ്‍സ്‌മെന്റ്. അവര്‍ പറയുന്നതാകട്ടെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയക്കുറിച്ചും, പാര്‍ട്ടിയുടെ ഭരണം വരുന്നതിനെക്കുറിച്ചുമാണ്. ഇങ്ങനെ ബോധപൂര്‍വം പ്രചാരണത്തിനുവേണ്ടി ഉണ്ടാക്കിയതായിരുന്നു ആ നാടകം.
വീണ്ടും 10 മിനിറ്റ് അവതരണം. അതിനുശേഷം വീണ്ടും അനൗണ്‍സ്‌മെന്റ് വരും. ”കെ.എസ്. ജോര്‍ജ്ജ് നാടകത്തിലുണ്ട്, സുലോചനയുണ്ട്, 17 പാട്ടുകള്‍ ഇനിയുമുണ്ട്.” പാവം പ്രേക്ഷകര്‍. അവര്‍ പാട്ടു കേള്‍ക്കാനായി ഇരിക്കും. ഇതൊക്കെക്കൊണ്ടാണ് അതൊരു നാടകമേയല്ലെന്ന് അന്നു ഞാന്‍ പറഞ്ഞത്.
തോപ്പില്‍ഭാസിച്ചേട്ടനെ നാടകകൃത്തായി അറിയപ്പെടുന്നത് ആ നാടകത്തിന്റെ പേരിലാണെന്നത് നിര്‍ഭാഗ്യകരമാണ്. മുടിയനായ പുത്രന്‍, മൃശ്ചകടികം, അശ്വമേധം, മൂലധനം, തുലാഭാരം, ശരശയ്യ തുടങ്ങിയ അതിഗംഭീര നാടകങ്ങളിലൂടെയാണ് ഭാസിയിലെ നാടകകൃത്ത് സ്ഥിരപ്രതിഷ്ഠ നേടുന്നത്. അല്ലാതെ, ‘കമ്മ്യൂണിസം എന്ന അപകടത്തെ സമൂഹത്തിലേക്ക് ക്ഷണിച്ചുവരുത്തിയ ആള്‍’ എന്ന നിലയിലല്ല. ഇങ്ങനെ തോപ്പില്‍ ഭാസിയെ വിലയിരുത്താന്‍ എനിക്ക് അവകാശമില്ലേ? ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്നത് ഒരു പ്രചാരണ നാടകമാണെന്നതിന് ഇനിയും തെളിവ് തരാം. അന്നത്തെ പ്രേക്ഷകര്‍ നാടകം കാണാന്‍ പായും ചുരുട്ടിയാണ് വരുന്നത്. അക്കാലത്തെ പ്രേക്ഷകരുടെ രീതി അതായിരുന്നു. അങ്ങനെ വരുന്നവര്‍ ചെങ്കൊടിയുമായാണ് വന്നത്.
നാടകം തീരുമ്പോള്‍ പരമുനായര്‍ വേദിയില്‍ കൊടി ഉയര്‍ത്തും. അപ്പോള്‍ സദസ്സില്‍ മുഴുവന്‍ ചെങ്കൊടി ഉയരണമെന്നു പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. കൊടിയുയര്‍ത്തുക മാത്രമല്ല, ഉച്ചത്തില്‍ ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിക്കണമെന്നും അണികളെ പഠിപ്പിച്ചു. കൊടികളുമായി എത്തുന്നയാളുകള്‍ മുദ്രാവാക്യം വിളിക്കുശേഷം ഓരോ ബ്രാഞ്ചുകളിലേക്കും പിരിഞ്ഞു പോകണമെന്നും പരിപാടിയിട്ടിരുന്നു. അങ്ങനെയുള്ള പാര്‍ട്ടി അജണ്ട അക്കാലത്ത് വിജയിച്ചു. അധികാരം കിട്ടാന്‍ ഇതൊക്കെ ഉപകരിച്ചു. എന്നാല്‍, നാടകം എന്ന നിലയില്‍ അതൊരു പരാജയമായിരുന്നു.
ഇതൊക്കെ പറയുമ്പോഴും കെപിഎസിയുമായി ഞാന്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ആറു നാടകം അവര്‍ക്കു വേണ്ടിയെഴുതി. നാലു നാടകങ്ങള്‍ക്ക് മികച്ച അവതരണത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഏറെ സ്വീകരിക്കപ്പെട്ട നാടകങ്ങളായിരുന്നു അവ. ദ്രാവിഡവൃത്തം, അസ്തമിക്കാത്ത സൂര്യന്‍, രാജാരവിവര്‍മ്മ, ഇന്നലെകളിലെ ആകാശം, ഭീമസേനന്‍, നഗര വിശേഷം തുടങ്ങിയവയായിരുന്നു കെപിഎസിക്കു വേണ്ടി എഴുതിയത്. പ്രമോദ് പയ്യന്നൂര്‍ രണ്ടു നാടകം സംവിധാനം ചെയ്തു. ചലച്ചിത്രകാരനായ ലെനിന്‍ രാജേന്ദ്രനാണ് രാജരവിവര്‍മ്മയ്‌ക്ക് രംഗഭാഷയൊരുക്കിയത്.
കെപിഎസിയുമായി പിരിയുന്നു
ഏതൊരു നാടകകൃത്തിനും വ്യത്യസ്തമായ നാടകമെഴുതാന്‍ പറ്റിയ പ്ലാറ്റ്‌ഫോമുകള്‍ വേണം. അങ്ങനെയൊരു നല്ല പ്ലാറ്റ്‌ഫോമായിരുന്നു കായംകുളം കെ പിഎസി. ആ സമിതിക്കുവേണ്ടി തുടര്‍ച്ചയായി ആറു നാടകങ്ങള്‍ എഴുതി. അവയില്‍ പലതും അഞ്ഞൂറില്‍പരം വേദികളില്‍ കളിച്ചു. അതിനിടയില്‍ ഞാന്‍ അമ്മയെ പോലെ കരുതുന്ന, തോപ്പില്‍ഭാസിച്ചേട്ടന്റെ സഹധര്‍മ്മിണി, തോപ്പില്‍ അമ്മിണിയമ്മ ഒരു പ്രസ്താവനയിറക്കി.
”കെപിഎസി ഇപ്പോ കച്ചവട നാടകങ്ങളേ ചെയ്യുന്നുള്ളോ” എന്നായിരുന്നു ഒരു ഇന്റര്‍വ്യൂവില്‍ ആ അമ്മ ചോദിച്ചത്. ഇത് എനിക്ക് വലിയ വിഷമം ഉണ്ടാക്കി. നല്ല നാടകങ്ങളാണ് കൂടുതല്‍ വേദിയില്‍ കളിക്കുന്നത്. അതൊരു കുറ്റമായി കരുതുന്നില്ല. അതിനാല്‍ സഹോദരതുല്യം എന്നെ കരുതിയ, ഇന്നും കരുതുന്ന, കെപിഎസിയുടെ അന്നത്തെ പ്രസിഡന്റ് കെ. ഇ. ഇസ്മയിലിനോടും സമിതിയുടെ സെക്രട്ടറി ഷാജഹാനോടും അതിനൊരു മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിനു തയ്യാറായില്ല. എനിക്ക് മറുപടി പറയേണ്ടി വന്നത് അങ്ങനെയാണ്.
”കേരളം കണ്ട എക്കാലത്തെയും ഏറ്റവും വലിയ കച്ചവട നാടകം തോപ്പില്‍ ഭാസി എഴുതിക്കഴിഞ്ഞു. അതിന്റെ പേര് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്നായിരുന്നു. അതിലും വലിയ ഒരു കച്ചവട നാടകമെഴുതാന്‍ ഇനി ആരു വിചാരിച്ചാലും നടക്കില്ല.” ഈ തുറന്നു പറച്ചില്‍, മലയാള മനോരമയുടെ വാചകമേളയില്‍ അച്ചടിച്ചുവന്നു. അതോടെ വ്യവസ്ഥാപിത കമ്യൂണിസ്റ്റുകാര്‍മുതല്‍ സൈബര്‍ വെട്ടുക്കിളികള്‍വരെ എനിക്കെതിരായി. മുതുകില്‍ അടിക്കുമ്പോള്‍ നമ്മള്‍ പ്രതികരിക്കേണ്ടേ? കെപിഎസിയിലേക്കുള്ള പോക്ക് അങ്ങനെ അവസാനിച്ചു. എന്നാല്‍ ഭാരവാഹികളുമായുള്ള ബന്ധം നിലനില്‍ക്കുന്നു.
മലയാള നാടകവേദിയുടെ തറവാടായിത്തന്നെ കെപിഎസിയെ ഇന്നും കരുതുന്നു. ആവശ്യപ്പെട്ടാല്‍ എഴുതാനും തയ്യാറാണ്. ആവശ്യപ്പെടാതെ ഇതുവരെ ഒരു സമിതിക്കുവേണ്ടിയും നാടകം എഴുതിയിട്ടില്ല.
ഗാന്ധിയെ കണ്ടെത്തല്‍
കെപിഎസിയെപ്പോലെ തന്നെ വ്യത്യസ്തമായി ചിന്തിക്കാന്‍, എഴുതാന്‍ പറ്റിയ ഒരു പ്ലാറ്റ്‌ഫോമായിരുന്നു പത്തനാപുരം ഗാന്ധിഭവന്‍. സാമൂഹ്യ സേവനവും സാംസ്‌കാരിക പ്രവര്‍ത്തനവുമായി കേരളക്കരയില്‍ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണത്.
പലവട്ടം അവിടെ പോകേണ്ടിവന്നിട്ടുണ്ട് പേരിനെ അന്വര്‍ത്ഥമാക്കും വിധം, അതിന്റെ കവാടത്തില്‍ ഒരു വലിയ ഗാന്ധിപ്രതിമ നമ്മളെ സ്വാഗതം ചെയ്തു നില്‍ക്കുന്നു. മനസ്സിനെ അത് സ്പര്‍ശിച്ചിരുന്നു. അതിന്റെ അമരക്കാരനായ സോമരാജന്‍ സാര്‍ ഒരു നാടകത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ പല വിഷയങ്ങളും മനസ്സിലേക്കു കടന്നുവന്നു. പൊടുന്നനെ, ഗാന്ധിയും ഗാന്ധിപ്രതിമയും തല്‍സ്ഥാനം കവര്‍ന്നെടുത്തു.
സ്വാതന്ത്ര്യ സമര നായകന്‍, പൊതു പ്രവര്‍ത്തകന്‍, പിതാവ്, ഭര്‍ത്താവ്, സനാതന ഹിന്ദു. ബഹുമുഖങ്ങളുള്ള മനുഷ്യന്‍. ഗാന്ധിജിയുടെ അന്തഃസംഘര്‍ഷങ്ങള്‍. ആ വഴിക്ക് ആലാചിച്ചു. നാടകീയതക്ക് ധാരാളം സാധ്യതകളുള്ള നല്ല വിഷയമായിത്തോന്നി. എന്നാല്‍, ഗാന്ധിജിയെക്കുറിച്ച് ഇതിനകം പലരും ധാരാളം പറയുകയും എഴുതുകയും ചെയ്തിരിക്കുന്നു. പുതുതായി എന്തെങ്കിലും പറയുവാനുണ്ടാവണം. ആ ചിന്ത മനസ്സില്‍ തിടംവെച്ചു. അതിനായി ധാരാളം വായിച്ചു.
‘ഗാന്ധിസാഹിത്യം’ നൂറു വോള്യങ്ങളുള്ള പുസ്തകങ്ങളാണ്. ഒരുലക്ഷത്തില്‍പ്പരം പേജുകള്‍ അതിനുണ്ട്. അതില്‍ നിന്നും ആവുന്നത്ര വായിച്ചു പഠിച്ചു. ഗാന്ധിജിയെക്കുറിച്ചുള്ള ഇതര കൃതികളും ആഴത്തില്‍ പരിശോധിച്ചു. രാമചന്ദ്ര ഗുഹയുടെ കൃതിവരെ അതിലുള്‍പ്പെടുന്നു.
ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മഹാത്മാഗാന്ധി. കമ്മ്യൂണിസത്തിന്റെ വിഷം ഉള്ളില്‍ക്കിടക്കുന്നവര്‍ പറഞ്ഞു പരത്തി സത്യമാക്കിത്തീര്‍ത്ത പല നുണകളും അതില്‍പ്പെടുന്നു. ഗാന്ധി പറഞ്ഞിരുന്നുവെങ്കില്‍ ബ്രിട്ടീഷുകാര്‍ ഭഗത്‌സിങ്ങിനെ വെറുതെ വിടുമായിരുന്നുവെന്നതാണ് അതില്‍ ഒരു മഹാനുണ. വാസ്തവത്തില്‍, ഗാന്ധി ഭഗത്സിങ്ങിനുവേണ്ടിയും രാജ്ഗുരുവിനു വേണ്ടിയും സുഖ് ദേവിനു വേണ്ടിയും ബ്രിട്ടീഷുകാരോട് വിനീതമായി അഭ്യര്‍ത്ഥിച്ചിരുന്നു. നമ്മുടെ ചരിത്രകാരന്മാരും എഴുത്തുകാരും തമസ്‌കരിച്ച, സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരുജ്ജ്വലമായ ഏടായിരുന്നു അത്.
ഇര്‍വിന്‍ പ്രഭുവിന്റെ വിടവാങ്ങല്‍ പ്രസംഗം വായിച്ചു. അതില്‍, ഭഗത്സിംഗ്, രാജ്ഗുരു, സുഖ് ദേവ് എന്നീ മൂന്നു യുവാക്കള്‍ക്കു വേണ്ടി, അവരുടെ ജീവനു വേണ്ടി, ഗാന്ധിജി അഭ്യര്‍ത്ഥന നടത്തിയതിനെപ്പറ്റി പറഞ്ഞിരിക്കുന്നു. ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു ഇര്‍വിന്‍ പ്രഭു. ഒരു സത്യവിശ്വാസിയുമായിരുന്നു. ഭഗത്സിങ് കുറ്റവാളിയാണെന്നുതന്നെ ഇര്‍വിന്‍ കരുതി. അതിനാല്‍ ഗാന്ധിക്ക് കൂടുതല്‍ നിര്‍ബന്ധിക്കാനുമായില്ല. ഗാന്ധിയന്‍ ചിന്തയ്‌ക്ക് അനുകൂലമായ പെരുമാറ്റമായിരുന്നു ഭഗത്സിംഗിന്റെയും കൂട്ടരുടെയുമെന്ന് ഉറപ്പു പറയാനും ഗാന്ധിക്ക് കഴിയുമായിരുന്നില്ല.
ഗാന്ധിയെ വിമര്‍ശിക്കാന്‍ നൂറു കാരണങ്ങള്‍ കാണും. വിമര്‍ശിക്കുന്നവര്‍ ആവുന്നത്ര ഉച്ചത്തില്‍ വിമര്‍ശിക്കട്ടെ. ഒരു വാക്കു കൊണ്ടു പോലും ഗാന്ധിയെ തെറ്റുകാരനാക്കാന്‍ ഞാന്‍ ഒരുക്കമല്ല. എന്റെ മനസാക്ഷി അതിനനുവദിക്കുമായിരുന്നില്ല.
ഗാന്ധിജിയെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണയെങ്കിലും തിരുത്താന്‍ എനിക്കു കഴിയണമെന്നുണ്ടായിരുന്നു. ചരിത്രം പഠിച്ചവരും പഠിപ്പിക്കുന്നവരും ‘ഗാന്ധി’ എന്ന നാടകത്തിലെ ഈ മുഹൂര്‍ത്തത്തെ എതിര്‍ത്തു. അവര്‍ ഇര്‍വിന്‍ പ്രഭുവിന്റെ വിടവാങ്ങല്‍ പ്രസംഗം വായിക്കണമെന്നേ എനിക്കു പറയാനുള്ളൂ. ഗാന്ധി ഇല്ലാതെ ഇന്ത്യയ്‌ക്കു മുന്നോട്ടുപോകാനാവില്ല. അത്രമേല്‍ ഇന്ത്യയുടെ പാരമ്പര്യത്തെ സ്വാംശീകരിച്ചിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ഗാന്ധിജിയുടെ ദര്‍ശനത്തിലും പെരുമാറ്റത്തിലും ഈ ഇന്ത്യത്വമുണ്ട്. അതിനാല്‍, ഗാന്ധിയെ ഉള്‍ക്കൊള്ളാത്ത ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിനും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വേരുറപ്പിക്കാന്‍ കഴിയുകയില്ലെന്നും ഞാന്‍ കരുതുന്നു.
(തുടരും)
















