പത്തനംതിട്ട: നദിയില്‍ ജലപ്ര വാഹം വര്‍ദ്ധിപ്പിക്കുക എന്ന പേരില്‍ അടിത്തട്ട് കുഴിച്ച് കോടികണക്കിന് രൂപയുടെ മണല്‍ കൊള്ളയടിച്ചതോടെ ആദി പമ്പ വെറും തോടായി മാറി. 100 മീറ്ററില്‍ അധികം വീതിയില്‍ ഒരു കാലത്ത് പരന്നൊഴുകിയ നദിക്ക് ഇപ്പോള്‍ എട്ടു മുതല്‍ 15 മീറ്റര്‍ മാത്രമാണ് വീതി. നദീ മാധ്യത്തില്‍ മണ്‍പു റ്റുകള്‍ രൂപപ്പെട്ടതോടെ പള്ളിയോടങ്ങളുടെ യാത്രയും തടസപ്പെടുമെന്ന കാര്യം ഉറപ്പായി.
നദിയുടെ രൂപരേഖ
ആദി പമ്പ എന്ന വിശേഷണം പോലെ അനാദി കാലം മുതല്‍ പമ്പാ നദി ആദ്യം ഒഴുകിയ പാതയാണിത്. പണ്ട് പമ്പാനദി ആറന്മുളയും ഇടയാറന്മുളയും കടന്ന് ആറാട്ടുപുഴയ്‌ക്ക് താഴെ വഞ്ചി പോട്ടില്‍ കടവില്‍ എത്തി നേരെ വടക്ക് പടിഞ്ഞാറോട്ട് തിരിഞ്ഞ് വലം കരയായ കോയിപ്രത്തേയും ഇടം കരയായ ഇടനാടിനെയും വേര്‍തിരിച്ച് ഓതറ കുന്നേക്കാട്, ഓതറ, പുതു കുളങ്ങര വഴി മംഗലത്തില്‍ എത്തി വീണ്ടും പടിഞ്ഞാറേക്ക് തിരിഞ്ഞാണ് ഒഴുകിയിരുന്നത്. എന്നാല്‍ കാലങ്ങള്‍ക്ക് മുമ്പ് ഉണ്ടായ പ്രളയത്തില്‍ വഞ്ചിപോട്ടില്‍ കടവിന് താഴെ ഒരു വിള്ളല്‍ സൃഷ്ടിച്ചു കൊണ്ട് നദിയുടെ ഒരു ശാഖ പുത്തന്‍ കാവിലൂടെ നേരെ പടിഞ്ഞാട്ട് ഒഴുകി മംഗലത്തില്‍ എത്തി പ്രധാന നദിയുമായി സംഗമിച്ചു. ആദ്യം പാത്തിയായും പിന്നീട് 100 മീറ്റര്‍ വീതി യില്‍ നദിയായും രൂപപ്പെട്ടു. ആദി പമ്പ അപ്പോഴും ജലസമൃദ്ധമായി നിറഞ്ഞൊഴുകികൊണ്ടിരുന്നു. നാലു ഭാഗത്തുകൂടിയും പമ്പ ഒഴുകാന്‍ തുടങ്ങിയതോടെ ഇടനാട് മേഖല ദ്വീപായി പരിണമിച്ചു. എന്നാല്‍ ഉദ്ദേശ്യം 70 വര്‍ഷം മുമ്പ് വഞ്ചിപ്പോട്ടില്‍ കടവിന്റെ മറുകരയില്‍ മണല്‍ വാരല്‍ ശക്തമായതോടെ പമ്പയുടെ അടിത്തട്ട് താണു തുടങ്ങി. അതോടെ ആദി പമ്പയിലേക്കുള്ള ഒഴുക്ക് കുറഞ്ഞു.
ആദി പമ്പയിലെ മണല്‍ കൊള്ള
ആദിപമ്പയിലെ മണല്‍ കൊള്ള ആരംഭിച്ചത് 2023-ല്‍ ആണ്. ട്രഡ്ജര്‍ ഉപയോഗിച്ചായിരുന്നു നദി കുഴിക്കാന്‍ തുടങ്ങിയത്. ആയിരകണക്കിന് ലോഡ് മണലാണ് ഇവിടുന്ന് കടത്തിയത്. നദിയുടെ മധ്യഭാഗം ഉദ്ദേശ്യം 10 മീറ്റര്‍ ആഴത്തിലും 8- 15 മീറ്റര്‍ വീതിയിലും കുഴിച്ചതോടെ ജലം ആ ഭാഗത്ത് മാത്രമായി കേന്ദ്രീകരിച്ചു അങ്ങനെയാണ് പുഴ തോടായി മാറിയത്.
കടത്തിയത് കോടികളുടെ മണല്‍
ഇതിനോടകം ആദിപമ്പയില്‍ നിന്നും വരട്ടാറ്റില്‍ നിന്നും കോടികളുടെ മണല്‍ കൊള്ളയാണ് നടന്നത്. കല്ലിശേരിയിലെ യാര്‍ഡില്‍ ഇപ്പോഴും മണല്‍ വില്‍പ്പന നടക്കുന്നുണ്ട്. യാതൊരു ശാസ്ത്രീയ പഠനവും ഇല്ലാതെയാണ് നദിയില്‍ മണല്‍ ഖനനം നടന്നതെന്ന ആരോപണവും ശക്തമാണ്.
മൂന്നു പള്ളിയോടങ്ങള്‍
ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ പങ്കെടുക്കുന്ന മൂന്ന് പള്ളിയോടങ്ങള്‍ വരട്ടാറിന്റെ തീരത്താണ്. കുന്നേക്കാട്ട്, ഓതറ, പുതുക്കുളങ്ങര എന്നീ പള്ളിയോടങ്ങളാണിവ. നദിയുടെ വീതി കുറഞ്ഞതു മൂലം ഈ പള്ളിയോടങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. കൂടാതെ നദീ മധ്യത്തില്‍ മണ്‍പുറ്റും രൂപപ്പെട്ടിട്ടുണ്ട്. ആഴത്തില്‍ അടിത്തട്ട് കുഴിച്ചതിനാല്‍ നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണിപ്പോള്‍.
കൊള്ളക്കാര്‍ രംഗത്ത്
വരട്ടാറിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പത്തുവര്‍ഷം മുമ്പ് ഒതറ കേന്ദ്രമാക്കി കൂട്ടായ്‌മ രൂപപ്പെട്ടതോടെയാണ് ചില ഇടതു സഖാക്കള്‍ നദീ പുനരുദ്ധാരണത്തില്‍ പങ്കാളികളായത്. വരട്ടാര്‍ വികസിപ്പിക്കാനുള്ള നീക്കം അതോടെ ആരംഭിച്ചു. നദി കുഴിച്ച് മണല്‍ കടത്തുക എന്നതായിരുന്നു സഖാക്കന്മാരുടെ ലക്ഷ്യം. ഇതിന് വന്‍ പ്രചാരണവും നല്‍കി. എല്ലാ വര്‍ഷവും മഴക്കാലത്ത് നദിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ആദി പമ്പയിലും വരട്ടാറ്റിലും വെള്ളം എത്തുന്നത് മുതലെടുത്ത് വരട്ടാര്‍ നവീകരണം സാധ്യമാക്കി എന്ന് പറഞ്ഞ് ആദി പമ്പയില്‍ 2017-ല്‍ ജലഘോഷയാത്രയും നടത്തി. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തതോടെ വാര്‍ത്താ പ്രാധാന്യവും ലഭിച്ചു. 2018 – ലെ മഹാപ്രളയത്തിന്റെ കാഠിന്യം കുറഞ്ഞത് വരട്ടാര്‍ വീണ്ടെടുത്തതിലൂടെയാണെന്ന പ്രചരണം സഖാക്കന്മാര്‍ നടത്തി. പക്ഷേ യഥാര്‍ത്ഥത്തില്‍ ഒന്നും സംഭവിച്ചില്ലെന്ന തിരിച്ചറിവ് നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു.
















