ശ്രീനഗർ : വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് പങ്ക് വച്ച് രാജ്യത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു . സയ്യിദ് അലി ഷാ ഗീലാനിയെ ഉൾപ്പെടുത്തി ഇൽതിജ മുഫ്തി എക്‌സിൽ പങ്കിട്ട വീഡിയോയാണ് വിവാദമായത്. പരേതനായ ഗീലാനി പാകിസ്ഥാൻ അനുകൂലിയും ഓൾ പാർട്ടിസ് ഹുറിയത്ത് കോൺഫറൻസിന്റെ നേതാവുമായിരുന്നു.
‘ ഗീലാനി സാഹബിന്റെ പ്രത്യയശാസ്ത്രത്തോട് യോജിക്കാൻ സാധ്യതയില്ലായിരിക്കാം, പക്ഷേ ഉറുദുവിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുന്ന ഈ പഴയ വീഡിയോ മറ്റ് കാരണങ്ങൾക്ക് പുറമേ വളരെ അർത്ഥവത്താണ്. ശ്രദ്ധിക്കേണ്ടതുണ്ട്.‘ എന്നാണ് ഇൽതിജ പറയുന്നത് . ഉറുദുവിന്റെ പ്രാധാന്യം കുറച്ചതും , ഡോഗ്രി, ഹിന്ദി, കാശ്മീരി ഭാഷകൾ പുതിയ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ സർക്കാർ ചേർത്തതുമാണ് ഇൽതിജയെ പ്രകോപിപ്പിച്ചത്.
ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിഘടനവാദവും , രാജ്യദ്രോഹവും പ്രചരിപ്പിക്കാൻ ഇൽതിജ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്ത്യയുടെ സമാധാനത്തിനും പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും വിരുദ്ധമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഉള്ളടക്കം എന്ന് പൊലീസ് പറഞ്ഞു.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രീനഗറിലെ സൈബർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ അതൃപ്തി ഉണർത്താനും പൊതു ക്രമസമാധാനം തകർക്കാനും ദേശീയോദ്ഗ്രഥനത്തെ തകർക്കാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.ഭാരതീയ ന്യായ സംഹിതയുടെ 152, 196(1), 353(1)(b), (c), (2) വകുപ്പുകൾ പ്രകാരം പ്രഥമദൃഷ്ട്യാ ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.














