പാലക്കാട്: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലുപേര്‍ക്ക് സൂര്യാതപമേറ്റു. പാലക്കാട് ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേര്‍ക്ക് ആണ് സൂര്യാതപമേറ്റത്. ലക്കിടി കൂട്ടുപാതയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ജയന്‍, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. രണ്ട് പേരും ആശുപത്രിയില്‍ ചികിത്സ തേടി.
കൊല്ലത്ത് കൊട്ടിയം സ്വദേശി നിഹാല്‍ നജീബ് എന്ന യുവാവിന്റെ കൈയ്‌ക്കാണ് പൊള്ളലേറ്റത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് പള്ളിമുക്കില്‍ വെച്ച് സൂര്യാതപമേറ്റത്. യുവാവ് പ്രാഥമിക ചികിത്സതേടി.
കോട്ടയത്ത് അഗ്‌നിരക്ഷാ സേനാംഗത്തിന് സൂര്യാതപമേറ്റു. പാമ്പാടി കൂരോപ്പടക്ക് സമീപം റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ച് നീക്കുന്നതിനിടെ കോട്ടയം സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ നിജിലിന്റെ കൈയ്‌ക്കാണ് പൊള്ളലേറ്റത്.
















