ഉത്തര്‍പ്രദേശ്: റാംപുറിൽ തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റാംപുറിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷഹാബാദ് ഗേറ്റ് ജംഗ്ഷനിലാണ് സംഭവം.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്. റോഡിന് നടുവിൽ യുവാവ് നിസ്കരിക്കുന്നത് കാരണം ഗതാഗതം തടസ്സപ്പെടുകയും വലിയൊരു ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടുകയും ചെയ്തിരുന്നു.
പൊതുസ്ഥലത്ത് തടസ്സമുണ്ടാക്കിയതിനാണ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. “സിവിൽ ലൈൻസ് ഏരിയയിൽ ഒരാൾ റോഡിന് നടുവിൽ നിസ്കരിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇയാളെ ജയിലിലേക്ക് അയക്കും,” അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അനുരാഗ് സിംഗ് പറഞ്ഞു.
















