ഭാരതീയ സാഹിത്യ പൈതൃകമെന്നത് കാവ്യസംസ്‌കാരത്തിന്റെ മൂര്‍ത്തരൂപത്തിലധിഷ്ഠിതമാണ്. ഓരോരോ ജനവിഭാഗങ്ങളുടെയും തനതുശൈലിയിലുള്ള ഒട്ടനവധി കാവ്യരൂപങ്ങള്‍ ഉടലെടുക്കുകയും, അവ നമ്മുടെ സംസ്‌കാരത്തെ ബലപ്പെടുത്തുകയും നമ്മുടെ പാരമ്പര്യത്തെ നിലനിര്‍ത്തുകയും പുഷ്ടിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്താണു കവിത?
പദങ്ങളെ അതിമനോഹരമായ ചിത്രങ്ങളാക്കി അനുവാചകഹൃദയങ്ങളെ ആനന്ദിപ്പിക്കുകയും, ചിന്താശേഷിയെ ഉത്തേജിപ്പിക്കുകയും അവാച്യമായ അനുഭൂതിയുടെ തലങ്ങളിലേക്കെത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുന്ന ഏറ്റവും ഉദാത്തമായ സാഹിത്യശാഖയാണ് കവിത. ബിംബകല്‍പ്പനകളെ വാങ്മയചിത്രങ്ങളാക്കുവാന്‍ പദങ്ങളെ അനുയോജ്യമായ രീതിയില്‍ അടുക്കി വര്‍ണ്ണങ്ങളാകുന്ന അലങ്കാരങ്ങളും ഉപമകളും വേണ്ടയളവില്‍ വേണ്ടിടത്തു സമന്വയിപ്പിച്ചുചേര്‍ക്കണം. അടുക്കും ചിട്ടയും താളവും ഒത്തുചേര്‍ന്നു വരുമ്പോള്‍ അവ മിഴിവുറ്റ കാവ്യങ്ങളായി മാറുന്നു.ഛന്ദോബദ്ധമായിരിക്കണം കവിത ‘ഛന്ദസ്സുണ്ടെങ്കിലേ അന്തസ്സുള്ളു’വെന്നു സാരം.
മനോവികാരങ്ങളെ പ്രതിപാദിക്കുന്ന ഒരു കലയാണ്, ഹൃദയത്തിനു സംസ്‌കാരം വരുത്തുന്ന പദസമൂഹമാണു കവിത. ‘കലയുടെ കലയാണു കവിത’ എന്നും പണ്ഡിതഭാഷ്യമുണ്ട്. കവിതയ്‌ക്കു പ്രധാനമായി വാസന, കല്‍പ്പനാശക്തി, ലോകജ്ഞാനം, ബുദ്ധി, പദപരിചയം എന്നിവ അത്യന്താപേക്ഷിതമാണെന്നു പൂര്‍വ്വികര്‍ പറഞ്ഞുവച്ചിരിക്കുന്നു.
ഇന്നു കവികളുടെയിടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയും വിവാദവും നടക്കുന്ന ഒരു വിഷയമാണ് വൃത്തവും താളവും പ്രാസവും. എന്താണു വൃത്തം, അതാവശ്യമുണ്ടോ? രചന കാവ്യാത്മകവും ഒതുക്കവുമുള്ളതാകണമെങ്കില്‍ വൃത്തം അനിവാര്യംതന്നെ. ഒരു സൃഷ്ടി അതേതുതന്നെയായാലും അതു വാര്‍ത്തെടുക്കണമെങ്കില്‍ സ്വാഭാവികമായും അതിനു യോജിക്കുന്ന അച്ച് അനിവാര്യമാണ്. അങ്ങനെയാകുമ്പോള്‍ പദങ്ങളെ കാവ്യാത്മകമായി വാര്‍ത്തെടുക്കുന്ന അച്ചാണ് വൃത്തം. അതുപോലെതന്നെയാണ് താളം. പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങള്‍ക്കും നിയതമായൊരു താളമുണ്ട്. കാറ്റിനും കടലലകള്‍ക്കും നദിക്കും പറവകള്‍ക്കും ഉറുമ്പുകള്‍ക്കും എന്തിന് ഭൂമിയുടെ ചലനംപോലും നിയതമായൊരു താളത്തിലാണല്ലോ. താളവും വൃത്തവും പദഭംഗിയും ഛന്ദസ്സും ഒത്തുവരുമ്പോളാണ് മികവുറ്റ രചനകളാകുന്നത്.
വൃത്തം രണ്ട് വിധം
വൃത്തം രണ്ടുവിധമുണ്ട്. ഭാഷാവൃത്തവും സംസ്‌കൃതവൃത്തവും. ഭാഷാവൃത്തത്തിനു മാത്രാവൃത്തമെന്നും സംസ്‌കൃതവൃത്തത്തിനു അക്ഷരവൃത്തമെന്നും എളുപ്പത്തില്‍പ്പറയാം. മാത്രാവൃത്തങ്ങളില്‍ നാലു മാത്രാഗണങ്ങളും സംസ്‌കൃതവൃത്തങ്ങളില്‍ മൂന്ന് അക്ഷരഗണങ്ങളുമാണ് സ്വീകാര്യമായിട്ടുള്ളത്. സംസ്‌കൃതവൃത്തം അഥവാ അക്ഷരവൃത്തത്തില്‍ അക്ഷരങ്ങളെ ലഘു, ഗുരു എന്നു രണ്ടായിത്തിരിക്കാം. ഹ്രസ്വാക്ഷരങ്ങള്‍ ലഘുവും ദീര്‍ഘാക്ഷരങ്ങള്‍ ഗുരുവുമാണ്. ഗുരു, ലഘു ക്രമമനുസരിച്ച് എട്ടുതരത്തിലുള്ള ഗണങ്ങളുണ്ട്.
യഗണം, രഗണം, തഗണം, ഭഗണം, ജഗണം, സഗണം, മഗണം, നഗണം എന്നിവയാണ് എട്ടു ഗണങ്ങള്‍. ആദിലഘു യഗണം, മദ്ധ്യലഘു രഗണം, അന്ത്യലഘു തഗണം, ആദിഗുരു ഭഗണം, മദ്ധ്യഗുരു ജഗണം, അന്ത്യഗുരു സഗണം, സര്‍വ്വഗുരു മഗണം, സര്‍വ്വലഘു നഗണം. കേരളപാണിനി ഈ എട്ടുഗണങ്ങളെയും മനോഹരമായൊരു ശ്ലോകംകൊണ്ട് അനുവാചകര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പാകത്തില്‍ രചിച്ചിരിക്കുന്നു.
‘നൃപതി ജയിക്ക യശസ്വീ
ഭാസുര താരുണ്യ രാഗവാന്‍ സതതം
മാലെന്യേ യെന്ന മുറ-
യ്‌ക്കെട്ടു ഗണത്തിനുമത്ര ദൃഷ്ടാന്തം’
ഇത്രയും ഹൃദിസ്ഥമാക്കി പരിശീലിച്ചാല്‍ വൃത്തങ്ങളെ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കും. അതിനെ സാധൂകരിക്കുന്ന വിഖ്യാതമായൊരു ശ്ലോകമുണ്ട്:
‘കവിത്വം ജായതേ ശക്ത്യാ
വര്‍ദ്ധതേ /ഭ്യാസ യോഗതഃ
അസ്യ ചാരുത്വ നിഷ്പത്തൗ
വ്യുല്‍പ്പത്തിസ്തു ഗരീയസി’
(കവിത്വം ജന്മവാസനകൊണ്ടുണ്ടാകുന്നു. അഭ്യാസംകൊണ്ടു വര്‍ദ്ധിക്കുന്നു. അതിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നതില്‍ വ്യുല്‍പ്പത്തി (വിദ്യ, വിവിധങ്ങളായ ശാസ്ത്രാദികളിലുള്ള പാണ്ഡിത്യം) മഹനീയമായ പങ്കുവഹിക്കുന്നവെന്നു സാരം.
വൃത്തം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ പറയാനുള്ളു. കവിത കുറ്റമറ്റരീതിയില്‍ സൗന്ദര്യാത്മകമായിരിക്കുകയും, കാലാകാലങ്ങളോളം നിലനില്‍ക്കയും, ശ്രോതാക്കള്‍ക്ക് ഹൃദയത്തില്‍ തങ്ങിനില്‍ക്കുകയും, തലമുറകള്‍ക്കു പ്രയോജനപ്പെടുകയും ചെയ്യണമെങ്കില്‍ വൃത്തവും താളവും അത്യന്താപേക്ഷിതമാണ്. ഒറ്റ ഉദാഹരണംകൊണ്ട് അതു തെളിയിക്കപ്പെട്ടിരിക്കുന്നു. കാലഗണനയ്‌ക്കുമപ്പുറം അതായത് ത്രേതായുഗത്തില്‍പ്പിറന്ന ആദികാവ്യം ഇന്നും ശക്തിമത്തായും സൗന്ദര്യാത്മകമായും ദേശാന്തരങ്ങള്‍ കടന്നും നിലനില്‍ക്കുന്നതെന്തുകൊണ്ട് എന്നു ചിന്തിച്ചാല്‍ മാത്രം മതി. വേദസൂക്തങ്ങളും രാമായണവും (വാല്മീകിരാമായണം, അദ്ധ്യാത്മരാമായണം, തുളസീദാസരാമായണം തുടങ്ങി മറ്റനേകം രാമായണങ്ങള്‍) മഹാഭാരതവും ഭഗവദ്ഗീതയും ഭാഗവതവും ഉപനിഷത്തുകളും ഇന്നും മങ്ങലേല്‍ക്കാതെ ജനഹൃദയങ്ങളില്‍ തങ്ങിനില്‍ക്കണമെങ്കില്‍ അതിന് അതിന്റേതായ ചാരുതയും പ്രൗഢിയും അര്‍ത്ഥഗരിമയും സമ്പുഷ്ടമായി ലയിച്ചുചേര്‍ന്നിട്ടുള്ളതുകൊണ്ടാണെന്നു നിസ്സംശയം പറയാം. എഴുത്തച്ഛന്റെ ഇരുപത്തിനാലുവൃത്തം പ്രസിദ്ധമാണല്ലോ.
പഠിക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഹൃദിസ്ഥമാക്കി മറ്റുള്ളവരെ പഠിപ്പിക്കാനും കവിതപോലെ മറ്റൊരു സാഹിത്യശാഖ ഇല്ലതന്നെ. അതിന്നൊക്കെയുള്ള ഉദാഹരണങ്ങളാണ് നമ്മുടെ നാടന്‍പാട്ടുകള്‍, ഞാറ്റുപാട്ടുകള്‍, തേക്കുപാട്ടുകള്‍, കൊയ്‌ത്തുപാട്ടുകള്‍, തോറ്റംപാട്ടുകള്‍ തുടങ്ങി ഒട്ടനേകം സാഹിത്യശാഖകള്‍ പ്രചാരത്തിലുണ്ട്. കവിതയെന്നതിന്റെ പൊരുള്‍ ഇപ്പറഞ്ഞതിനെയൊക്കെ അടിസ്ഥാനപ്പെടുത്തിയാണെന്നിരിക്കേ ഇക്കാലഘട്ടത്തില്‍ ഇവയ്‌ക്കൊന്നും യാതൊരു പരിഗണനയും കൊടുക്കാതെ, പരമ്പരാഗത കാവ്യസങ്കല്‍പ്പങ്ങളുടെ ഏഴയലത്തുപോലും വരാതെ ബഹുദൂരം പിന്നിലാക്കപ്പെട്ടിരിക്കുന്നു കവിത.
ആരാണു കവി?
‘പ്രകൃതിനിഷ്ഠമായ സൗന്ദര്യത്തെ മനസ്സിലാക്കുന്നതിന്നും, അതിനെ ഹൃദയംഗമമായി പ്രതിപാദനംചെയ്ത് അന്യര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കുന്നതിന്നും ശക്തിയുള്ളവനാരോ അവനാണു കവി. തന്റെ ദുഃഖംപോലെതന്നെ മറ്റുള്ളവരുടെ വേദനയെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവനുമാകണം. ദീര്‍ഘദൃഷ്ടിയുള്ള ജ്ഞാനികളത്രേ (ക്രാന്തദര്‍ശികള്‍)കവികള്‍!
‘നാ ഋഷിഃ കവിഃ’
നാനൃഷി കവി രിത്യുക്ത,
ഋഷിശ്ച കില ദര്‍ശനാത്,
ദര്‍ശനാദ് വര്‍ണനാദ് വാപി,
രൂഢാ ലോകേ കവി ശ്രുതി”.
എന്നാണല്ലോ പണ്ഡിതമതം.
കവികള്‍ നാലുവിധമുണ്ടെന്നാണ് വിദ്വാന്മാര്‍ പറഞ്ഞിട്ടുള്ളത്. ‘കവിചതുഷ്ടയമെന്ന്’ അതിനെ വിശേഷിപ്പിക്കുന്നു. ഉദാത്തന്‍, ഉദ്ധതന്‍, പ്രൗഢന്‍, വിനീതന്‍ എന്നിങ്ങനെയാണവ. ഒളിച്ച് അഭിമാനം പറയുന്നവന്‍ ഉദാത്തന്‍. അന്യന്മാരെ താഴ്‌ത്തി തന്നെപ്പുകഴ്‌ത്തുന്നവന്‍ ഉദ്ധതന്‍. ഉത്ക്കര്‍ഷത്തെ യഥോചിതം പറയുന്നവന്‍ പ്രൗഢന്‍. തന്നെ നിന്ദിച്ച് വിനയം പറയുന്നവന്‍ വിനീതന്‍ എന്നിവരാണവര്‍.
സന്ധിയും സമാസവും സമസ്തപദങ്ങളും (വ്യാകരണശാസ്ത്രം) ഉപമാനോപമേയങ്ങളുള്‍പ്പെടെ എണ്ണിയാല്‍ത്തീരാത്തത്ര അലങ്കാരങ്ങളും (അലങ്കാരശാസ്ത്രം) നവീനവൃത്തങ്ങളുള്‍പ്പെടെ അനേകം വൃത്തങ്ങളുമായി (വൃത്തശാസ്ത്രം) പദങ്ങളെ ക്രമാനുഗതമായി വിന്യസിച്ച് അര്‍ത്ഥവും ബിംബകല്‍പ്പനകളുംകൊണ്ടു സുന്ദരമാക്കുന്ന ഛന്ദസ്സും (ഛന്ദശ്ശാസ്ത്രം) ബ്രഹ്‌മാണ്ഡംപോലെ ആഴവും പരപ്പുമുള്ള മലയാളഭാഷയെ വളര്‍ത്തിയെടുത്ത മഹാഋഷികളെ മനീഷികളായ, മഹാപണ്ഡിതരായ കവിശ്രേഷ്ഠരെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നൂതനപ്രവണതകള്‍കൊണ്ടു ഭാഷ വളരുകയോ വികാസംപ്രാപിക്കുകയോ ചെയ്യുന്നില്ല. മാതൃഭാഷയെ സ്‌നേഹിക്കുകയോ കൂറുപുലര്‍ത്തുകയോ ചെയ്യാതെ പ്രബുദ്ധത നടിക്കുന്നവര്‍ മലയാളികള്‍ മാത്രമേ ലോകത്തുണ്ടാകൂ എന്നതാണു സത്യം. ശ്രേഷ്ഠഭാഷാപദവി ലഭിച്ചതുകൊണ്ടുമാത്രം ഭാഷ നന്നാകുമോ? വളരുമോ? വളര്‍ത്തിയില്ലെങ്കിലും കൊല്ലാതിരിക്കാനെങ്കിലും ശ്രമിക്കുന്നതല്ലേ ഉചിതം?
‘കവിതാ വനിതാ ചൈവ
സ്വയമേവാഗതാ വരാ
ബലാദാകൃഷ്യമാണാ ചേത്
സരസാ വിരസാ ഭവേത്’
(സ്വയം ആഗതമാകുന്ന കവിതയും വനിതയുമാണ് ശ്രേഷ്ഠം! ബലമായി വരുത്തിയാല്‍ ഉള്ള ഗുണംപോലും വിരസമായിഭവിക്കുമെന്നര്‍ത്ഥം)
ഭാഷയെ ജീവനുതുല്യം സ്‌നേഹിക്കുന്നവര്‍ ഇതൊക്കെയോര്‍ത്ത് ആശങ്കപ്പെടുകയും വേദനിക്കുകയും ചെയ്യുമ്പോള്‍ ആശ്വസിക്കാന്‍ വകനല്‍കുന്ന പ്രസിദ്ധമായൊരു ശ്ലോകമുദ്ധരിക്കാം.
‘നരത്വം ദുര്‍ല്ലഭം ലോകേ
വിദ്യാ തത്ര ച ദുര്‍ല്ലഭാ
കവിത്വം ദുര്‍ല്ലഭം തത്ര
ശക്തിസ്ത്രത്ര ച ദുര്‍ല്ലഭാ
വ്യുല്‍പ്പത്തിര്‍ ദുര്‍ല്ലഭാ തത്ര
വിവേകസ്തത്ര ദുര്‍ല്ലഭഃ’
അതായത് ലോകത്തില്‍ മനുഷ്യത്വമുള്ളവര്‍ വളരെ ദുര്‍ല്ലഭമാണ്. മനുഷ്യത്വമുള്ളവരില്‍ത്തന്നെ വിദ്യയുള്ളവര്‍ ചുരുക്കം. വിദ്യയുള്ളവരിലാകട്ടെ കവിത്വമുള്ളവര്‍ ദുര്‍ല്ലഭം തന്നെ. ഇനി കവിത്വമുള്ളവരാകട്ടേ ലോകനന്മയ്‌ക്കുപകരിക്കുംവിധം ശക്തിമത്തായ ഔന്നത്യത്തിലേക്കുയരുന്നുമില്ല. പാണ്ഡിത്യമുള്ളവര്‍ ദുര്‍ല്ലഭമാണ്. അങ്ങനെയുള്ളവരില്‍ത്തന്നെ വിവേകമുള്ളവര്‍ ചുരുക്കമെന്നു സാരം.
ബി.സി നാലാംനൂറ്റാണ്ടില്‍ വ്യാകരണശാസ്ത്രംരചിച്ച പാണിനിമഹര്‍ഷി, ഛന്ദശ്ശാസ്ത്രകര്‍ത്താവായ പിംഗളന്‍, രാമായണം രചിച്ച വാല്മീകി, മഹാഭാരതംരചിച്ച വ്യാസമഹര്‍ഷി, വിശ്വമഹാകവി കാളിദാസന്‍ തുടങ്ങിയവരുടെയെല്ലാം കൃതികള്‍ മലയാളികള്‍ക്കു മനസ്സിലാക്കിത്തരാന്‍ ജീവിതമുഴിഞ്ഞുവച്ച്, കൈരളിയുടെ കാല്‍പ്പാദങ്ങളിലര്‍പ്പിച്ചു മണ്‍മറഞ്ഞ മഹാരഥന്മാരെ (കേരളപാണിനി,കേരളവാല്മീകി, കേരളവ്യാസന്‍, കേരളകാളിദാസന്‍) സ്മരിക്കാന്‍, നമ്മുടെ പൈതൃകത്തെ മറക്കാതെ വരുംതലമുറയ്‌ക്കു പകര്‍ന്നുനല്‍കാന്‍ പാഠപുസ്തകങ്ങളിലുള്‍പ്പെടുത്തിയാല്‍ അവര്‍ക്കുള്ള സ്മരണാഞ്ജലിയാകും.
‘കവിത്വം ജായതേ ശക്ത്യാ
വര്‍ദ്ധതേ /ഭ്യാസ യോഗതഃ
അസ്യ ചാരുത്വ നിഷ്പത്തൗ
വ്യുല്‍പ്പത്തിസ്തു ഗരീയസി’
‘നിത്യാഭ്യാസി ആനയെ എടുക്കും’ എന്നൊരു ചൊല്ലുമുണ്ടല്ലോ.
















