കോഴിക്കോട്: ലോൺ ആപ്പിൽ നിന്നും ഭീഷണി നേരിട്ടിരുന്ന യുവാവിനെ കാണാനില്ലെന്ന് കാട്ടി കുടുംബം നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ ആണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ ബാങ്കില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണു പിന്നീട് മടങ്ങിയെത്തിയില്ല. വിഷ്ണുവിനായി ബന്ധുവീടുകളിലും സുഹൃത്തുക്കള്‍ക്കിടയിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസിന്റെ സഹായം തേടിയത്.
ഒരു ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വിഷ്ണു 10,000 രൂപ വായ്പ എടുത്തിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ലോണ്‍ സംഘം വിഷ്ണുവിനെ ഫോണിലൂടെ നിരന്തരം വേട്ടയാടിയിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. വിഷ്ണുവിന്റെ ഫോണിലെ കോണ്ടാക്റ്റ് വിവരങ്ങള്‍ കൈക്കലാക്കിയ സംഘം, വിഷ്ണുവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു നല്കി അപമാനിച്ചു. ഇത്തരം സൈബര്‍ ആക്രമണങ്ങളിലും ഭീഷണിയിലും വിഷ്ണു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും, ഇതാകാം വീടുവിടാന്‍ കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
വിഷ്ണുവിന്റെ ഫോണ്‍ രേഖകളും ലൊക്കേഷനും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെയും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടകര പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കാസർഗോഡ് ആണ് വിഷ്ണുവിന്റെ അവസാന ടവർ ലൊക്കേഷൻ.
















