തിരുവനന്തപുരം: ഡോ. വിനു തോമസിനെ പ്രൊഫസര്‍ പദവിയില്‍ നിന്ന് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ തരംതാഴ്‌ത്തിയിട്ടും സാങ്കേതിക സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറും ഡീനുമായി തുടരാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒത്താശ.
അയോഗ്യനായതുകൊണ്ട് പകരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് പ്രൊഫസറെ ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്ന കെടിയു വിസി ഡോ. സിസാ തോമസിന്റെ അപേക്ഷ തടഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. തിങ്കളാഴ്ച മുതല്‍ നടക്കുന്ന എന്‍ജിനീയറിങ് പരീക്ഷകളുടെ മേല്‍നോട്ടം വഹിക്കാന്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പരീക്ഷ കണ്‍ട്രോളറെ നിയമിക്കുവാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് ശിപാര്‍ശ ചെയ്ത ഫയലാണ് മന്ത്രി തടഞ്ഞത്. ഇതോടെ പരീക്ഷ തന്നെ തകിടം മറിയുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
വിനു തോമസിന് കോടതിയില്‍ നിന്ന് നീതി ലഭിക്കുന്നതുവരെ സര്‍വകലാശാലയില്‍ നിന്ന് വിടുതല്‍ ചെയ്യാന്‍ പാടില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഐഎച്ച്ആര്‍ഡി പ്രിന്‍സിപ്പല്‍ തസ്തികയില്‍ തുടരവേ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനു തോമസിനെ ഡയറക്ടറും വി.എസ്. അച്യുതാനന്ദന്റെ മകനുമായ വി.എ. അരുണ്‍കുമാര്‍ തരംതാഴ്‌ത്തിയത്. സിപിഎംകാരനായ വിനു തോമസിനെ സംരക്ഷിക്കാന്‍ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചിട്ടും അരുണ്‍കുമാര്‍ വഴങ്ങിയിരുന്നില്ല. വി.എ. അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡിയുടെ സ്ഥിരം ഡയറക്ടറായി നിയമിക്കാനുള്ള നീക്കം ഡയറക്ടര്‍ തസ്തികയുടെ മറ്റൊരു അപേക്ഷകനായ വിനു തോമസ് കോടതിയില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നിയമനം തടസപ്പെട്ടിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് രൂക്ഷമായത്. അയോഗ്യനാക്കിയ ഒരാള്‍ക്ക് പരീക്ഷ കണ്‍ട്രോളറായി തുടരാന്‍ കഴിയില്ല. ഇത് സര്‍വ്വകലാശാല പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നു വന്നതോടെയാണ് ഡെപ്യൂട്ടേഷന്‍ നിയമനത്തിനായി വിസി നടപടി തുടങ്ങിയത്. ഇതാണ് മന്ത്രി തടഞ്ഞുവച്ചിരിക്കുന്നത്.














