ചേര്‍ത്തല: ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ പ്രചരിപ്പിച്ച വിഷുപരസ്യത്തിനെതിരെ പ്രതിഷേധം വ്യാപകം. ചേര്‍ത്തല വടക്കേ അങ്ങാടിക്കവല സെന്‍ട്രല്‍ ജുമാമസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സ് എന്ന സ്ഥാപനമാണ് വര്‍ഗീയ വിഷം വമിപ്പിക്കുന്നതും, ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നതുമായ പരസ്യവുമായി രംഗത്തെത്തിയത്.
വിളമ്പി വെച്ച കുഴി മന്തിക്കും ചിക്കനും മുന്നില്‍ അതിലേക്ക് കൊതിയോടെ നോക്കി ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വെച്ചായിരുന്നു പരസ്യം. സ്ഥാപനത്തിനെതിരെ ശാസ്താങ്കല്‍ സ്വദേശി അഡ്വ. ബിജു എം വേലായുധന്‍ നല്‍കിയ പരാതിയില്‍ ഉടമകളില്‍ ഒരാളെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു. മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സ് ഉടമ ഷംനാസിനെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പത് പേര്‍ ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ഇപ്പോള്‍ പോലീസ് പിടികുടിയത്. മുസ്ലീം ലീഗ് നേതാവിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരാണ് സ്ഥാപനം നടത്തുന്നത്. ഇന്നലെ രാവിലെയും ഹോട്ടല്‍ തുറന്നെങ്കിലും പിന്നീട് അടച്ചു.
സ്ഥാപനത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കോടിക്കണക്കിന് ഭക്തജനങ്ങള്‍ ആരാധിക്കുന്ന ശ്രീകൃഷ്ണ ഭഗവാനെ മോശമായി ചിത്രീകരിക്കുകയും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുന്ന ഭഗവനെ മോശമാക്കി വിശ്വാസികളെ വേദനിപ്പിക്കുന്ന സ്ഥാപനത്തിന്റെ നടപടിക്കെതിരെയാണ് പരാതി നല്‍കിയത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് (ബിഎന്‍എസ് 192) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സ്ഥാപന ഉടമകള്‍ക്കെതിരെ കുടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഷംനാസ് തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് ഇത് പ്രചരിപ്പിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിഷു ആശംസയുടെ കാര്‍ഡിലാണ് ഹൈന്ദവ ബിംബങ്ങളെ അവഹേളിച്ച് കൊണ്ടുള്ള ചിത്രം ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.
വിഷു ആശംസകളുടെ പേരില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാംസാഹാരം കഴിക്കുന്ന തരത്തില്‍ അധിക്ഷേപ പോസ്റ്റ് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതില്‍ ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
















