മലപ്പുറം: പൊള്ളാച്ചി വാല്‍പ്പാറയില്‍ ഒന്‍പത് മലയാളികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ട്രാവലര്‍ മറിഞ്ഞത് പതിമൂന്നാം വളവില്‍ വച്ച്. ഡ്രൈവര്‍ക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ വാഹനം വാടകയ്‌ക്ക് എടുത്താണ് സംഘം വിനോദയാത്രയ്‌ക്കായി തിരിച്ചത്. സംഘം ചാലക്കുടി എത്തിയശേഷം അതിരപ്പള്ളി വഴി കേരളാ അതിര്‍ത്തിയായ മലക്കപ്പാറ പിന്നിട്ട് തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ വാല്‍പ്പാറയില്‍ എത്തുകയായിരുന്നു. യാത്രാസംഘം തിരിച്ചുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. അതീവ അപകടകരമായ 40 ഹെയര്‍പിന്‍ വളവുകളാണ് ഈ മേഖലയിലുള്ളത്. 800 അടി താഴ്‌ച്ചയുള്ള ഒമ്പതാം ബേസ് പാതയില്‍ വാഹനം വലിയ ശബ്ദത്തോടെ പതിക്കുകയായിരുന്നു. അതുവഴി വന്ന യാത്രക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. തുടര്‍ന്ന് വാല്‍പ്പാറയില്‍ നിന്നും ഷോളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നും രക്ഷപ്രവര്‍ത്തനത്തിനെത്തിയവരാണ് പരിക്കേറ്റവര്‍ ഉള്‍പ്പടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. സംഭവത്തില്‍ തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











