ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ (Women Reservation Bill) ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച. ബിൽ ലോക്സഭ കടന്നാൽ ശനിയാഴ്‌ച്ച രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. എന്നാൽ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം. ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനാണ് വനിതാ സംവരണ ബില്ല് കൊണ്ടുവരുന്നത്.ആകെ സീറ്റുകളുടെ എണ്ണം മാത്രമാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്ന കാര്യം ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനമാകൂ.
50 ശതമാനം സീറ്റ് വർധന എന്ന ഫോർമുല സംസ്ഥാനങ്ങൾക്കായി കേന്ദ്രം മുന്നോട്ടുവക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഈ ഫോർമുല നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 30 ആയി ഉയരും. നിലവിൽ 20 ആണ് സീറ്റുകളുടെ എണ്ണം. എന്നാൽ ഇതിനെയും എതിർക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും ഇതു സംബന്ധിച്ച് സംസാരിച്ചേക്കും.
സംസ്ഥാനത്ത് നിലവിൽ 140 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. എന്നാൽ സീറ്റുകളുടെ എണ്ണം ഏകദേശം 50 ശതമാനം വർധിപ്പിക്കുമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം നടപ്പായാൽ, അടുത്ത തിരഞ്ഞെടുപ്പിൽ ഇത് 210 ആയി ഉയരാനിടയുണ്ട്. അങ്ങനെ വന്നാൽ ഭൂരിപക്ഷം നേടാൻ വേണ്ട സീറ്റുകൾ 71ൽ നിന്ന് 106 ആയി ഉയരും.
ഇതോടെ സിപിഎം, കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികൾ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം നൂറിന് മുകളിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. ഘടകകക്ഷികളായ മുസ്ലിം ലീഗും സിപിഐയും ഉൾപ്പെടെ മറ്റു ചെറുകക്ഷികളും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് രംഗത്തെത്തും. അതേസമയം വനിതാ സംവരണം നടപ്പിലാകുന്നതോടെ, പല പുരുഷ നേതാക്കൾക്കും പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന ‘കുത്തക’ മണ്ഡലങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഭാവിയിൽ മണ്ഡലങ്ങളുടെ കൃത്യമായ എണ്ണം തീരുമാനിക്കുന്നത് അടുത്ത സെൻസസ് അടിസ്ഥാനമാക്കിയാകും. 140 മണ്ഡലങ്ങൾ നിശ്ചയിക്കുമ്പോൾ സംസ്ഥാനത്തിന്റെ ജനസംഖ്യ 2.13 കോടി ആയിരുന്നു. 2011-ൽ ഇത് 3.34 കോടിയായി ഉയർന്നു. പുതിയ ജനസംഖ്യ കണക്കുകൾ പ്രകാരം മണ്ഡല പുനർനിർണയം നടന്നശേഷമേ അന്തിമ ചിത്രം വ്യക്തമാകൂ.ബില്ല് പാസ്സാക്കാൻ 360 അംഗങ്ങളാണ് അനുകൂലിക്കേണ്ടത്.
















