തിരുവനന്തപുരം: അമ്പലത്തറ കൗണ്‍സിലറും ബി ജെ പി നേതാവുമായ സിമി ജ്യോതിഷിനെ മര്‍ദിച്ച ശുചീകരണ തൊഴിലാളിയും സി പി എം പ്രവര്‍ത്തകനുമായ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.വാര്‍ഡ് കൗണ്‍സിലറെ ശുചീകരണ തൊഴിലാളി വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവം. സതീഷ് കുമാറും ഭാര്യയും നഗരസഭയുടെ ശുചീകരണ തൊഴിലാളികളാണ്.കുറച്ച് ദിവസം മുമ്പ് ഇയാളുടെ ഭാര്യയെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കൗണ്‍സിലര്‍ ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ഹരിതകര്‍മ്മ സേനയുടെ യോഗം കൗണ്‍സിലര്‍ ഓഫീസ് കൂടിയായ സിമി ജ്യോതിഷിന്റെ വീട്ടില്‍ നടന്നിരുന്നു. യോഗത്തിന് പിന്നാലെ വീട്ടില്‍ കയറി ചെന്ന സതീഷ് കുമാര്‍ ഹെല്‍മറ്റ് കൊണ്ട് കൗണ്‍സിലറെ മര്‍ദിക്കുകയായിരുന്നു.പരിക്കേറ്റ സിമി ജ്യോതിഷ് ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവം വിവാദമാകുമെന്ന് വന്നതോടെ തന്നെ ജാതിയധിക്ഷേപം നടത്തിയെന്ന് കാട്ടി സിമി ജ്യോതിഷിനെതിരെ സതീഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കി. ഇരുവരുടെയും പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു.
നഗരസഭാ ഭരണം നഷ്ടപ്പെട്ട വിഭ്രാന്തിയിലാണ് സി പി എം എന്ന് സിമി ജ്യോതിഷിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബി ജെ പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ ജനം തളളിയപ്പോള്‍ ബി ജെ പിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ സി പി എം ആക്രമണം അഴിച്ചു വിടുകയാണ്.
















