തിരുവനന്തപുരം: നാഷണല്‍ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ഹാന്‍സ്‌മെന്റ് സ്‌കീമിന്റെ ഭാഗമായി കേരളത്തില്‍ സ്ഥാപിക്കുന്നതിന് ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 4 കാമ്പസായ ടെക്‌നോസിറ്റിയിലെ മേല്‍തോന്നയ്‌ക്കല്‍സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സിഎഫ്എസ്എല്‍) വില്ലേജിലെ അഞ്ച് ഏക്കര്‍ ഭൂമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പാട്ടത്തിനു നല്‍കാന്‍ മന്ത്രിസഭ തീരുമാനം.
ഏക്കറിന് പ്രതിവര്‍ഷം 100 രൂപ നിരക്കില്‍ 90 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കുന്നതിന് ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് അനുമതി നല്‍കിയത്.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ ഉപദേശം അംഗീകരിച്ച് ബാലിജ, കവറായ്, ഗവര, ഗവരായ്, ഗവരായ് നായിഡു, ഗജലു ബാലിജ (വലായ് ചെട്ടി) സമുദായങ്ങളെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും. നായിഡു എന്നത് നായിഡു (ബാലിജ, കവറായ്, ഗവര, ഗവരായ്, ഗവരായ് നായിഡു, ഗജലു ബാലിജ(വലായ് ചെട്ടി) എന്നാക്കി മാറ്റംവരുത്തി ഉത്തരവ് പുറപ്പെടുവിക്കും. ദി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഇന്ത്യന്‍ മെഡിസിന്‍സ്) കേരള ലിമിറ്റഡി (ഔഷധി) ലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 വയസില്‍ നിന്ന് 60 വയസാക്കി ഉയര്‍ത്തും. റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷെയ്ഖ് പരീതിന്റെ പുനര്‍നിയമ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ പൊയ്യമടത്തുംപടി പള്ളിപ്പുറം ഗ്രൂപ്പ് വില്ലേജില്‍ നിന്നും മടത്തുംപടി വില്ലേജ് വിഭജിക്കുന്നതിന് അനുമതി നല്‍കി. ഗുരുവായൂര്‍ ദേവസ്വത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍എ യൂണിറ്റ് ഒരു വര്‍ഷത്തേക്ക് രൂപീകരിക്കും.











