ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ച് ദിവസമായി ഡോളറിനെതിരെയുള്ള മൂല്യത്തിന്റെ കാര്യത്തില്‍ തുടര്‍ച്ചയായി താഴേക്ക് പതിക്കുകയായിരുന്ന ഇന്ത്യ രൂപ ഡിസംബര്‍ 17 ബുധനാഴ്ച കുതിച്ചുകയറി. ഡോളറിന് 91.1 രൂപ എന്ന നിലയില്‍ നിന്നും രൂപയുടെ മൂല്യം 90.09 രൂപയായാണ് ഉയര്‍ന്നത്.
റിസര്‍വ്വ് ബാങ്കിന്റെ ഇടപെടലായിരുന്നു രൂപയെ രക്ഷിച്ചത്. ഏകദേശം ഒരു ശതമാനത്തോളം മൂല്യമാണ് ഉയര്‍ന്നത്. ലോക്കല്‍ വിപണിയില്‍ ഡോളറുകള്‍ വിറ്റഴിച്ചുകൊണ്ടാണ് റിസര്‍വ്വ് ബാങ്ക് രൂപയെ രക്ഷിച്ചത്. റിസര്‍വ്വ് ബാങ്ക് അവരുടെ കരുതല്‍ ധനമായുള്ള വിദേശകറന്‍സിയാണ് ഇറക്കിയത്. ഇത് ഫലം കണ്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും വിപണിയില്‍ ഇടപെടാന്‍ ഇന്ത്യ തയ്യാറായില്ല. പക്ഷെ തുടര്‍ച്ചയായി രൂപയുടെ മൂല്യം ഇടിഞ്ഞതോടെ റിസര്‍വ്വ് ബാങ്ക് ഡോളറുകള്‍ വിറ്റഴിച്ച് ഇടപെടുകയായിരുന്നു. വിദേശകറന്‍സിയുടെ കരുതല്‍ ശേഖരത്തിന്റെ കാര്യത്തില്‍ ഇന്ത്യ സമ്പന്നമാണ്. ഇപ്പോഴത്തെ ഇന്ത്യയിലെ റിസര്‍വ്വ് ബാങ്കിന്റെ പക്കലുള്ള ഡോളര്‍ കരുതല്‍ ശേഖരം 70400 കോടി ഡോളര്‍ ആണ്.
ബോണ്ടില്‍ നിന്നും ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപങ്ങള്‍ അമേരിക്കയിലേക്ക് തിരിച്ചുപോയതോടെ കഴിഞ്ഞ രണ്ടുമാസത്തിനകം രൂപയുടെ മൂല്യം രണ്ട് ശതമാനത്തോളം ഇടിഞ്ഞിരുന്നു. എന്തായാലും ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കപ്പെട്ടാലേ രൂപയ്‌ക്ക് ഒരു വന്‍കുതിപ്പുണ്ടാകൂ. അമേരിക്ക ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിച്ച വലിയ തോതിലുള്ള വ്യാപാരത്തീരുവ ഒഴിവാക്കപ്പടുകയും ചെയ്താല്‍ രൂപയുടെ മൂല്യത്തില്‍ അത് പ്രതിഫലിക്കും.
















