തിരുവനന്തപുരം: കൊട്ടിഘോഷിച്ചുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശിക പ്രഖ്യാപനവും പൊള്ളത്തരം. 2023ല്‍ തടഞ്ഞുവച്ച കുടിശിക പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിട്ടു. സര്‍ക്കാര്‍ ചെയ്തത് കുടിശിക നല്‍കല്‍ പിന്നെയും മാറ്റിവയ്‌ക്കല്‍ മാത്രം.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 11 ാം ശമ്പള പരിഷ്‌കരണത്തിന്റെ 2019 ജൂലൈ 1 മുതല്‍ 2023 ഏപ്രില്‍ ഒന്നുവരെയുള്ള കുടിശിക നല്‍കാന്‍ 2021 ഫെബ്രു. 10 നാണ് ഉത്തരവിറക്കിയത്. അത് 25 ശതമാനം വീതമുള്ള നാല് ഗഡുക്കളായി 1-04-2023, 1-10-2023, 1-04-2024, 1-10-2024 തീയതികളിലായി ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യുമെന്നാണ് വ്യക്തമാക്കിയത്. ഇതില്‍ ആദ്യത്തെ രണ്ട് ഗഡു മാത്രമാണ് പിഎഫില്‍ ലയിപ്പിച്ചത്. അതും രണ്ട് വര്‍ഷത്തോളം വൈകി ഈ വര്‍ഷമാണ് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധികാരണം ശേഷിക്കുന്ന രണ്ട് ഗഡു 2023 മാര്‍ച്ച് മൂന്നിനും നവം. 10നുമായി സര്‍ക്കാര്‍ ഉത്തരവിലൂടെ മരവിപ്പിച്ചു.
ആ മരവിപ്പിച്ച രണ്ട് ഗഡുക്കളാണ് ഇപ്പോള്‍ അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. അതും 2026 ഏപ്രില്‍ ഒന്നിന് ശേഷം പിഎഫില്‍ ക്രഡിറ്റ് ചെയ്യുമെന്നാണ് ഉത്തരവിറക്കിയത്. അതായത് 2024 ഏപ്രില്‍ ഒന്നിനും നവം. ഒന്നിനും നല്‍കേണ്ട കുടിശ്ശിക ലഭിക്കുക രണ്ട് വര്‍ഷം വൈകി 2016 ഏപ്രില്‍ ഒന്നിന് ശേഷമാകും പിഎഫിലേക്ക് എത്തുക. ഇത് വേണമെങ്കില്‍ ഏത് നിമിഷവും സര്‍ക്കാരിന് മരവിപ്പിക്കാനുമാകും. ഇതോടെ പുതിയ പ്രഖ്യാപനവും അനന്തമായി നീളും. ഇത് മറച്ചുവച്ചാണ് ജീവനക്കാര്‍ക്ക് ശമ്പള കുടിശിക അനുവദിച്ചു എന്ന വ്യാജ അവകാശവാദവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
















