ലക്നൗ : 80 കോടി ഹിന്ദുക്കളെ തന്റെ കാൽക്കീഴിൽ കൊണ്ടുവരുമെന്ന് വീമ്പിളക്കിയ മൗലാന അറസ്റ്റിൽ . ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഇസ്ലാം പുരോഹിതനായ മൗലാന റെഹാൻ റാസ ഖാനാണ് അറസ്റ്റിലായത്. അധിക്ഷേപകരവുമായ പ്രസ്താവന നടത്തുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഉത്തർപ്രദേശിൽ ഹിന്ദുക്കൾ ഒറ്റക്കെട്ടായി രംഗത്ത് എത്തിയിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ്.
പിലിഭിത്ത് ജില്ലയിലെ സെഹ്രാമൗ നോർത്ത് പ്രദേശത്താണ് സംഭവം . മതസമ്മേളനത്തിൽ സംസാരിച്ച മൗലാന, ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദുക്കൾ “തന്റെ കാൽ കീഴിലാണ്” എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇത് ഒരു വർഗീയ അധിക്ഷേപം മാത്രമല്ല, ദേശീയ ഐക്യത്തിനും സാമൂഹിക സമാധാനത്തിനും നേരെയുള്ള നേരിട്ടുള്ള അപമാനമാണെന്നാണ് നാട്ടുകാർ പറയുന്നത് .മാത്രമല്ല “മറ്റൊരു സമുദായത്തിനെതിരെ ആരെങ്കിലും ഇതേ കാര്യം പറഞ്ഞിരുന്നെങ്കിൽ, രാജ്യമെമ്പാടും പ്രതിഷേധം ഉയരുമായിരുന്നു. ഹിന്ദുക്കളെ ഇത്ര പരസ്യമായി അപമാനിക്കുമ്പോൾ എന്തിനാണ് ഈ മൗനം?” ഇനി മൗനം പാലിക്കാൻ ഞങ്ങൾക്കാകില്ലെന്നും നാട്ടുകാർ പറയുന്നു.
നാട്ടുകാരുടെ പിന്തുണയോടെ പിലിഭിത്ത് ജില്ലയിലെ ദൽചന്ദ് എന്ന താമസക്കാരൻ വീഡിയോ കണ്ടതിന് ശേഷം ഔദ്യോഗികമായി പരാതി നൽകി. മൗലാനയുടെ പ്രസംഗം “മനഃപൂർവ്വം പ്രകോപനപരവും” “സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ” ഉദ്ദേശിച്ചുള്ളതുമായിരുന്നുവെന്ന് ദൽചന്ദ് തന്റെ പരാതിയിൽ പറഞ്ഞു. മൗലാനയുടെ പ്രസംഗത്തിനിടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ അവിടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു – ഇത് യുവമനസ്സുകളെ തീവ്രവാദത്തിലേയ്‌ക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.മാത്രമല്ല പിലിഭിത്തിലെ ഭൂരിഭാഗം ഹിന്ദു വിശ്വാസികളും മൗലാനയുടെ വീഡിയോ മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് പങ്ക് വയ്‌ക്കുകയും ചെയ്തു.
തുടർന്ന് ഉത്തർപ്രദേശ് പോലീസ് മൗലാന റെഹാൻ റാസ ഖാൻ ഉൾപ്പെടെ 15 വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, പ്രകോപനം, പൊതു കുഴപ്പം തുടങ്ങിയ വകുപ്പുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ മൗലാനയെ പിടികൂടുകയും ചെയ്തു.
















