പത്തനംതിട്ട: ശബരിമല ശ്രീകോവിലിലുള്ള ദ്വാരപാലക വിഗ്രഹങ്ങളില്‍ പൊതിഞ്ഞ 49 പവന്‍ സ്വര്‍ണം ഇരുപതു വര്‍ഷം കൊണ്ട് ചെമ്പായി മാറിയ സംഭവത്തിനു പിന്നില്‍ ദുരൂഹതകള്‍ ഏറെ. നായനാര്‍ സര്‍ക്കാറിന്റെ ഭരണകാലത്ത് എന്‍. ഭാസ്‌ക്കരന്‍ നായര്‍ പ്രസിഡന്റും എം.വി.ജി നമ്പൂതിരി, കാവിയാട് ദിവാകര പണിക്കര്‍ എന്നിവര്‍ മെമ്പര്‍മാരുമായിരുന്ന കാലത്താണ് യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പും ഉപയോഗിച്ചായിരുന്നു നിര്‍മിതി.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് മങ്ങല്‍ സംഭവിച്ചു എന്ന കാരണത്താല്‍ ഇളക്കി മാറ്റിയത് വെറും ചെമ്പുപാളികളായിരുന്നു എന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ. പത്മകുമാര്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന സ്പോണ്‍സറുടെ കൈവശം ചെന്നൈയിലേക്ക് കൊടുത്തുവിട്ട പാളികള്‍ അവിടെ എത്തി പരിശോധിച്ച് മഹസര്‍ തയാറാക്കിയ അന്നത്തെ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജുവും പാളികള്‍ ചെമ്പാണെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വിജയ് മല്യ ശ്രീകോവിലില്‍ പാനലുകളായി തിരിച്ച് പൂര്‍ണമായും ചെമ്പില്‍ സ്വര്‍ണം പൊതിയുകയായിരുന്നു എന്നാണ് രേഖകളും വാര്‍ത്തകളും വ്യക്തമാക്കുന്നത്. പിന്നീട് എങ്ങിനെ സ്വര്‍ണം ചെമ്പായി എന്നതിലാണ് ദുരൂഹത.
2019ല്‍ ദ്വാരപാലക ശില്‍പ്പത്തില്‍ നിന്നും 42.8 കിലോ തൂക്കം വരുന്ന 14 ചെമ്പു പാളികളാണ് ഇളക്കി മാറ്റിയതെന്ന് മഹസര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വര്‍ണം പൂശിയ പാളികള്‍ എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇലക്ട്രോ പ്ലേറ്റിംഗിലൂടെ സ്വര്‍ണം പൂശിയ പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിക്കുമ്പോള്‍ 4.41 കിലോ എങ്ങനെ കുറഞ്ഞു എന്നതിനും ഉത്തരമില്ല. 1998ല്‍ നേര്‍ത്ത സ്വര്‍ണ പാളികളാണ് കട്ടിയുള്ള ചെമ്പിനു മീതെ പൊതിഞ്ഞതെങ്കില്‍ 2019ല്‍ സ്വര്‍ണം പ്ലേറ്റ് ചെയ്യുകയായിരുന്നു. ആ സ്ഥിതിക്ക് ബാക്കി സ്വര്‍ണം എവിടെയാണെന്ന ചോദ്യം ഏറെ പ്രസക്തമാണ്. സ്വര്‍ണം ഇളക്കി മാറ്റിയ ശേഷം ചെമ്പ് തകിടു മാത്രമാണോ കൊടുത്തുവിട്ടത്, സ്വര്‍ണത്തിന്റെ അളവിലാണോ ചെമ്പിന്റെ അളവിലാണോ കുറവ് സംഭവിച്ചത് എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടേണ്ടതുണ്ട്. സംഭവം അത്ര വലിയ വിഷയല്ലെന്ന മട്ടിലാണ് സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്ന എ. പത്മകുമാറിന്റെ പ്രതികരണം.
2019ല്‍ 14 പാളികളാണ് ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നും ഇളക്കി മാറ്റിയത്. ഇതില്‍ സ്വര്‍ണത്തിന്റെ അളവ് 397 ഗ്രാമാണെന്ന് (49.625 പവന്‍) വിജിലന്‍സ് എസ്പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇപ്പോഴത്തെ വില കണക്കാക്കിയാല്‍ നാല്‍പ്പത്തിരണ്ടര ലക്ഷത്തിലേറെ രൂപ. തെളിവുകള്‍ ഇതായിരിക്കെ 2019 കാലത്ത് ദേവസ്വം പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍ ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നും ഇളക്കി മാറ്റിയത് വെറും ചെമ്പുപാളികള്‍ ആണെന്നു പറയുന്നത് പച്ചക്കള്ളമാണെന്ന നിലപാടിലാണ് വിശ്വാസികള്‍.














