കൊച്ചി: സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ സാമൂഹ്യക്ഷേമ സ്ഥാപന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് കേന്ദ്രം തൃശൂരില്‍ നിന്നു തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്കു മാറ്റിയതില്‍ വ്യാപക പ്രതിഷേധം. പതിനഞ്ചംഗ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന എംഎല്‍എമാര്‍, എംപി എന്നിവരുള്‍ക്കൊള്ളുന്ന പത്തുപേര്‍ക്കു ശേഷം അഞ്ചുപേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കേണ്ടത്.
കേരളത്തിലെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 1400ലധികം വരുന്ന സാമൂഹ്യക്ഷേമസ്ഥാപനങ്ങളായ അനാഥശാലകള്‍, വൃദ്ധമന്ദിരങ്ങള്‍, സൈക്കോ സോഷ്യല്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രതിനിധികള്‍ വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യപരമായ മാര്‍ഗത്തിലാണ് ഈ അഞ്ചുപേരുടെ തെരഞ്ഞെടുപ്പ്. കേരളത്തിന്റെ മധ്യഭാഗത്തുള്ള കേന്ദ്രമെന്ന നിലയ്‌ക്ക് ഇക്കാലമത്രയും തൃശൂരില്‍ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. അതാണിത്തവണ തിരുവനന്തപുരത്തേക്കു മാറ്റിയത്.
വോട്ടര്‍മാരുടെ സൗകര്യാര്‍ഥം തെരഞ്ഞെടുപ്പു കേന്ദ്രം തൃശൂരിലേക്കുതന്നെ മാറ്റണമെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ്, കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവ ആവശ്യപ്പെട്ടിട്ടും സാമൂഹികനീതി വകുപ്പ് അനുകൂല തീരുമാനമെടുത്തിട്ടില്ല.
തെരഞ്ഞെടുപ്പു ഈ മാസം 17നു രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ തീരുമാനിച്ചെങ്കിലും, രജിസ്ട്രേഷന്‍ സമയം രാവിലെ 11 വരെ മാത്രമെന്നും നിശ്ചയിച്ചിരിക്കയാണ്. അനേക മണിക്കൂറുകള്‍ യാത്രചെയ്ത് വോട്ടിങ് കേന്ദ്രത്തിലേക്ക് എത്തേണ്ട മലബാര്‍ ഉള്‍പ്പെടെയുള്ള പ്രദേശത്തെ വോട്ടര്‍മാരുടെ അവകാശം ഹനിക്കാനുള്ള കുതന്ത്രമാണ് ഇത്തരമൊരു നടപടിയിലൂടെ വകുപ്പുമേധാവികള്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം.
ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നിയമവിരുദ്ധമായ നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാമൂഹ്യക്ഷേമസ്ഥാപനങ്ങളുടെ തീരുമാനം. ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.
തെരഞ്ഞെടുപ്പ് കേന്ദ്രം തൃശൂരിലേക്കു പുനഃസ്ഥാപിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സംസ്ഥാന പ്രസിഡന്റ് ഫാ. ലിജോ ചിറ്റിലപ്പിള്ളി, ജനറല്‍ സെക്രട്ടറി അഡ്വ. പി.വി. സൈനുദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
















