കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ 3 മരണം. മഹീന്ദ്ര ഥാർ ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 6.30നായിരുന്നു അപകടം. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു.
ഥാര്‍ ജീപ്പിലെ യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവഗുരുതരമാണ്. വിന്ദ്യയുടെ സാഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ജീപ്പ് ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം എന്നാണ് നിഗമനം.
കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും മഹീന്ദ്ര ഥാർ ജീപ്പും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ ജീപ്പില്‍ നിന്ന് പുറത്തെടുത്തത്.
അപകടത്തിൽ ബസിലെ 16 പേർക്ക് പരുക്കേറ്റു. 14 പേർ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. കെഎസ്ആർടിസി ബസിലെ ഡ്രൈവർ എൻ.അനസ്, കണ്ടക്ടർ ചന്ദ്രലേഖ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. ബസിൽ ജീവനക്കാർ ഉൾപ്പെടെ 26 പേർ ഉണ്ടായിരുന്നു.












