ന്യൂഡല്‍ഹി: യുഎസ് ഭരണകൂടം ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് പുതിയ തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ഇന്ത്യയും യൂറോപ്പിലെ പ്രധാന രാജ്യങ്ങളും യുഎസിലേക്കുള്ള തപാല്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഓഗസ്റ്റ് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ചുള്ള അവ്യക്തതയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ നമ്പര്‍ 14324 അനുസരിച്ച്, മുമ്പ് 800 ഡോളറില്‍ താഴെ വിലയുള്ള ഉത്പന്നങ്ങള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ ഇളവ് എടുത്തുകളഞ്ഞിട്ടുണ്ട്.
പുതിയ നിയമപ്രകാരം, 100 ഡോളറില്‍ കൂടുതലുള്ള എല്ലാ തപാല്‍ വസ്തുക്കള്‍ക്കും ഇറക്കുമതി തീരുവ ബാധകമാകും. കത്തുകള്‍, രേഖകള്‍, 100 ഡോളര്‍ വരെയുള്ള സമ്മാനങ്ങള്‍ എന്നിവയ്‌ക്ക് മാത്രമാണ് ഇപ്പോള്‍ ഇളവുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് ഈ മാസം 25 മുതല്‍ യുഎസിലേക്കുള്ള പാഴ്‌സലുകള്‍ അയക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതും ചരക്ക് വിമാനക്കമ്പനികളുടെ സഹകരണമില്ലായ്‌മയുമാണ് ഈ നീക്കത്തിന് കാരണം.
നിലവില്‍ ബുക്ക് ചെയ്തതും ഡെലിവറി ചെയ്യാത്തതുമായ പാഴ്‌സലുകളുടെ പണം ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കും. പ്രശ്‌നം വേഗത്തില്‍ പരിഹരിച്ച് സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തപാല്‍ വകുപ്പ് അറിയിച്ചു.
ഇന്ത്യയെ കൂടാതെ യൂറോപ്പിലെ പല പ്രധാന രാജ്യങ്ങളും സമാനമായ നടപടി സ്വീകരിച്ചു. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഇറ്റലി എന്നിവിടങ്ങളിലെ തപാല്‍ സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ യുഎസിലേക്കുള്ള മിക്ക ചരക്കുകളുടെയും കയറ്റുമതി നിര്‍ത്തിവെച്ചു. ഫ്രാന്‍സും ഓസ്ട്രിയയും തിങ്കളാഴ്ചയും യുകെ ചൊവ്വാഴ്ചയും ഈ നടപടി ആരംഭിക്കും.
പുതിയ നിയമങ്ങളെക്കുറിച്ച് യുഎസ് അധികാരികള്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാത്തതും കസ്റ്റംസ് നടപടിക്രമങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ ആവശ്യമായ സമയം ലഭിക്കാത്തതും യൂറോപ്യന്‍ രാജ്യങ്ങളെ ആശങ്കയിലാക്കുന്നു.
പുതിയ വ്യാപാര ചട്ടക്കൂട് പ്രകാരം മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും 15% തീരുവയാണ് ചുമത്തുക. അതേസമയം ഡിഎച്ച്എല്‍ എക്‌സ്പ്രസ് പോലുള്ള സ്വകാര്യ സേവനങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. ഓഗസ്റ്റ് 29-നകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ യൂറോപ്പിലെ എല്ലാ തപാല്‍ സേവനങ്ങളും സമാനമായ നടപടി സ്വീകരിക്കുമെന്ന് പോസ്റ്റ് യൂറോപ്പ് അറിയിച്ചു.
















