കൊല്ലം: പുറംകടലില്‍ മുങ്ങിപ്പോയ ലൈബീരിയന്‍ കപ്പലായ എംഎസ്‌സി എല്‍സ 3ല്‍ നിന്ന് എണ്ണയും കെണ്ടയ്‌നറുകളും വീണ്ടെടുക്കാനുള്ള ദൗത്യവുമായി കടലിലുള്ള സാല്‍വേജ് സംഘത്തിന് കരുത്തുപകരാന്‍ സിങ്കപ്പൂര്‍ കപ്പലായ സതേണ്‍ നോവ എത്തി. കഴിഞ്ഞദിവസം കൊല്ലം പോര്‍ട്ടില്‍ എത്തിയ കപ്പല്‍ നടപടിക്രമങ്ങള്‍ക്കുശേഷം നാളെ പുറങ്കടലിലേക്ക് പുറപ്പെടും. സാല്‍വേജ് ഓപ്പറേഷനില്‍ വൈദഗ്ധ്യമുള്ള ക്രൂവുള്ളതാണിത്. എസ്റ്റോണിയയില്‍ നിന്നുള്ള ആന്‍േഡ്ര റാഡിയാനോവ് ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
റഷ്യ, ഉക്രൈന്‍, അലക്‌സാന്‍ഡ്രിയ. മനില, ജക്കാര്‍ത്ത, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, മുങ്ങല്‍വിദഗ്ധര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങിയതാണ് കപ്പലിലുള്ള 65 അംഗ സംഘം. ഇവര്‍ നാളെ മുതല്‍ ദൗത്യത്തിന്റെ ഭാഗമാകും. മുങ്ങല്‍ വിദഗ്ധര്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഏഴ് ലോറികളിലായാണ് കൊച്ചിയില്‍ നിന്ന് കൊല്ലത്ത് എത്തിച്ചത്. കടലില്‍ നിന്ന് വീണ്ടെടുക്കുന്ന എണ്ണ ടാങ്കറില്‍ ശേഖരിച്ച ശേഷം കൊല്ലം പോര്‍ട്ടിലാകും സംഭരിക്കുക. ഏറ്റവുമടുത്ത തുറമുഖമെന്നതാണ് ദൗത്യത്തിന് കൊല്ലത്തെ തെരഞ്ഞെടുക്കാനുള്ള കാരണം. കപ്പലില്‍ നിന്നുള്ള എണ്ണ മാറ്റിയശേഷം കണ്ടയ്‌നറുകള്‍ വീണ്ടെടുക്കാനാകും അടുത്തശ്രമം. മൂന്നുമാസത്തോളം ഇതിന് വേണ്ടിവരുമെന്ന് കരുതുന്നു.
184 മീറ്റര്‍ നീളമുള്ള ലൈബീരിയന്‍ കപ്പല്‍ മെയ് 23ന് കൊച്ചിയില്‍ നിന്ന് ഏകദേശം 38 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് മുങ്ങിയത്. ഭാരത കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന 24 പേരെയും രക്ഷിച്ചിരുന്നു. മെയ് 23ന് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ മെയ് 24ന് കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. 640 കണ്ടെയ്നറുകള്‍ കപ്പല്‍ മറിഞ്ഞപ്പോള്‍ കടലില്‍ പതിച്ചിട്ടുണ്ട്. ഇതില്‍ 73ലും എണ്ണയും മിച്ചമുള്ളവ കാലിയുമായിരുന്നു.











